Advertisement

ട്രംപിന്റെ ഫലസ്തീൻ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് എട്ട്‌ മുസ്‌ലിം രാജ്യങ്ങൾ

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഫലസ്തീൻ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് എട്ട്‌ മുസ്‌ലിം രാജ്യങ്ങൾ. സൗദി, യുഎഇ, ഖത്തർ, ജോർദാൻ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് സംയുക്തപ്രസ്താവന ഇറക്കിയത്. ഗസ്സ സൈനിക പിന്മാറ്റം, പുനർനിർമാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തു. കരാർ അംഗീകരിപ്പിക്കാൻ വേണ്ടി ഇടപെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

സംയുക്ത പ്രസ്താവനയിൽ പറയുന്ന കാര്യങ്ങൾ:

  • ഗസ്സയും വെസ്റ്റ് ബാങ്കും ചേർന്നുള്ള സമഗ്ര ഫലസ്തീൻ രാഷ്ട്രത്തിലേക്ക് വഴിയൊരുക്കണം
  • അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം ഫലസ്തീൻ രാജ്യം
  • സമഗ്ര കരാറിലൂടെ ഗസ്സ യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ പിന്മാറണം
  • ബന്ധികളെ വിട്ടയക്കണം
  • ഗസ്സക്കാരെ കുടിയൊഴിപ്പിക്കരുത്
  • ദ്വിരാഷ്ട്ര ഫോർമുല നടപ്പാക്കണം

ഹമാസിനെ കുറിച്ചും നിരായുധീകരണത്തെ കുറിച്ചും പ്രസ്താവനയിൽ പരാമർശമില്ല. സമാധാനം പുനഃസ്ഥാപിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാജ്യങ്ങൾ പറയുന്നുണ്ട്. ഗസ്സയിലെ അധികാരം ഒഴിയാൻ ഒരുക്കമാണെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഫലസ്തീൻ രാഷ്ട്രത്തിലേക്ക് വഴിയൊരുങ്ങണമെന്നതായിരുന്നു ആവശ്യം. ഈ ആവശ്യം പല രാജ്യങ്ങളും അവഗണിച്ചതും, ഫലസ്തീൻ എന്ന രാഷ്ട്ര സ്വപ്നം ഇല്ലാതാകുന്ന സാഹചര്യത്തിലുമാണ് ഒക്ടോബർ ഏഴിലെ ആക്രമണം നടന്നത്.

ട്രംപിന്റെ പ്ലാനിൽ ഗസ്സയിൽ നിന്ന് ഹമാസ് നേതാക്കൾ പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോക രാജ്യങ്ങൾ. നിബന്ധനകളോടെ പ്ലാൻ ഹമാസ് സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ നിബന്ധനകൾ ട്രംപ് ഭരണകൂടം അംഗീകരിക്കുമോ എന്നതും കാത്തിരുന്ന് കാണണം.

Leave a Reply

Your email address will not be published. Required fields are marked *