ദുബായ്: ഈ വർഷത്തെ ആഘോഷങ്ങളും അവധിക്കാലവും അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, യുഎഇ നിവാസികൾക്ക് ഇനി ഔദ്യോഗികമായി ഒരു പൊതു അവധി മാത്രമാണ് ബാക്കിയുള്ളത്. യുഎഇ മന്ത്രിസഭ പുറത്തുവിട്ട 2025ലെ അവധിക്കാല പട്ടിക പ്രകാരം അടുത്തതും അവസാനത്തേതുമായ പൊതു അവധി ഡിസംബറിൽ യുഎഇ ദേശീയ ദിനത്തിനാണ് ലഭിക്കുക.
ഡിസംബർ 2, 3 തീയതികളിലാണ് ദേശീയ ദിന അവധികൾ സ്ഥിരമായി വരുന്നത്. അതനുസരിച്ച്, ഈ ദിവസങ്ങൾ യഥാക്രമം ചൊവ്വയും ബുധനും ആയിരിക്കും. ഈ അവസരത്തിൽ യുഎഇയിലെ താമസക്കാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ദേശീയ ദിന അവധിയോട് ചേർന്ന് തുടർച്ചയായി അഞ്ച് ദിവസം വരെ നീണ്ട അവധി ലഭിക്കാൻ സാധ്യതയുണ്ട്. യുഎഇ സർക്കാർ ഡിസംബർ ഒന്നോടു കൂടി അധിക അവധിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കിൽ വെള്ളിയാഴ്ച (നവംബർ 28) മുതൽ ഡിസംബർ 3 ബുധനാഴ്ച വരെ നീളുന്ന ഒരു നീണ്ട വാരാന്ത്യം ലഭിക്കും. എങ്കിലും അവധിയുടെ കൃത്യമായ ദൈർഘ്യം തീയതിയോട് അടുപ്പിച്ച് മാത്രമേ യുഎഇ മന്ത്രിസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.
∙ അവധികൾ നിശ്ചയിക്കുന്നത് ഇങ്ങനെ
പൊതു അവധികൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയിൽ വ്യക്തമായ നിയമങ്ങളാണുള്ളത്. മന്ത്രിസഭാ തീരുമാനം പ്രകാരം പെരുന്നാൾ ഒഴികെയുള്ള പൊതു അവധികൾ പ്രവൃത്തി ദിനത്തിന്റെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ അധികാരമുണ്ട്. നീണ്ട വാരാന്ത്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്തെ വിനോദസഞ്ചാകമേഖലയെയും ബിസിനസ് രംഗത്തെയും പ്രോത്സാഹിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
ദേശീയ ദിനം പോലുള്ള ഗ്രിഗോറിയൻ അവധികൾ സാധാരണ കലണ്ടർ തീയതികൾ പാലിക്കുമ്പോൾ, പെരുന്നാൾ പോലുള്ള ഇസ്‌ലാമിക് അവധികൾ ചന്ദ്രപ്പിറവി നിരീക്ഷിച്ച് ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. കൂടാതെ, പ്രത്യേക സാഹചര്യങ്ങളിൽ അതത് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും അധിക അവധി നൽകാൻ പ്രാദേശിക സർക്കാരുകൾക്കും നിയമം അധികാരം നൽകുന്നുണ്ട്.
Leave a Reply