മക്ക: വിശുദ്ധ കഅബയെ പുതപ്പിക്കാനുള്ള പുതിയ കിസ്വ കൈമാറ്റം ചെയ്തു. മക്ക ഡപ്യൂട്ടി ഗവർണറും, ഹജ്, ഉംറ സ്ഥിരസമിതി വൈസ് ചെയർമാനുമായ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് പുതിയ കിസ്വ ഇരുഹറം പരിപാലന സമിതിക്ക് കൈമാറി.
ഹജ്, ഉംറ മന്ത്രിയും, ഗ്രാൻഡ് മോസ്കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങൾക്കായുള്ള ജനറൽ പ്രസിഡൻസിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽ റബിയയും, വിശുദ്ധ കഅബ താക്കോൽസൂക്ഷിപ്പുകാരൻ അബ്ദുൽമാലിക് ബിൻ തഹ അൽ ഷൈബിയും കൈമാറ്റ രേഖകളിൽ ഒപ്പുവച്ചു.
അറബിക് പുതുവർഷത്തിന്റെ ആദ്യ മാസമായ മുഹറം ഒന്നിന് വിശുദ്ധ കഅബയെ സവിശേഷമായ പുത്തൻ കിസ്വ അണിയിക്കുന്ന ചടങ്ങുകൾക്ക് മുന്നോടിയായാണ് ഔദ്യോഗികമായ കൈമാറ്റ ചടങ്ങ് നടന്നത്. ഏറ്റവും മുന്തിയ പട്ടുനൂലിൽ പ്രകൃതിദത്ത കറുത്ത ചായം നിറം നൽകി കിങ് അബ്ദുൽ അസീസ് കോംപ്ലക്സിലെ നിർമ്മാണ ഫാക്ടറിയിലാണ് കിസ്വ നിർമിക്കുന്നത്.
വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ 10 ഘട്ടങ്ങളായാണ് നിർമാണം പൂർത്തീകരിക്കുന്നത്. 16 സമചതുര ഖണ്ഡങ്ങളായി നിർമിക്കുന്ന കിസ്വ കഅബയിൽ ചാർത്തിയ ശേഷമാണ് തുന്നി ഒരു അങ്കിയാക്കി മാറ്റുന്നത്. 14 മീറ്റർ ഉയരത്തിൽ വിശുദ്ധ കഅബയെ ആവരണം ചെയ്യുന്ന കിസ്വയിൽ ചുറ്റോട് ചുറ്റും സ്വർണ്ണം, വെള്ളി നൂലിഴകൾ കൊണ്ട് ഖുർആൻ സൂക്തങ്ങളും അലങ്കാരങ്ങളും ഇസ്ലാമിക അടയാളങ്ങളും അലങ്കാരമായി 95 സെന്റിമീറ്റർ വീതിയിലും 47 മീറ്റർ നീളത്തിലും ചിത്രീകരിക്കുന്നത് ഒപ്പം തുന്നി പിടിപ്പിക്കും.
Leave a Reply