ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വർഷാവസാനത്തോടെ നടപ്പാക്കാനാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി അറിയിച്ചു. ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
വിസ സംവിധാനം നടപ്പാകുന്നതോടെ ഗൾഫ് പൗരന്മാർക്കും പ്രവാസികൾക്കും ഗതാഗതം കൂടുതൽ ലളിതമാകുമെന്നും ഗൾഫ് രാജ്യങ്ങൾക്കിടയിലെ യാത്രാസൗകര്യം മെച്ചപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
1981 മേയ് 25ന് രൂപീകരിച്ച ഗൾഫ് കോഓപ്പറേഷൻ കൗൺസിലി (ജിസിസി)ൽ ആറ് രാജ്യങ്ങളാണുള്ളത്. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നിവയാണ് അംഗരാജ്യങ്ങൾ. ഒറ്റ വിസയിൽ ഈ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്നതാണ് ഏകീകൃത ജിസിസി വിസ.
അതേസമയം, ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാഖ്-കുവൈത്ത് അതിർത്തി പ്രശ്‌നങ്ങളും ചർച്ചയായി. ഇറാഖ് അധിനിവേശകാലത്ത് കുവൈത്തിൽ നിന്ന് കാണാതായവരുടെയും തടവിലായവരുടെയും സ്വത്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും നൽകണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽയഹ്‌യ ആവശ്യപ്പെട്ടു. സമുദ്ര അതിർത്തികളെക്കുറിച്ചുള്ള നിലവിലെ കരാറുകൾ ഇറാഖ് അംഗീകരിക്കണമെന്നും ഖോർ അബ്ദുല്ല ജലപാതയിലെ നാവിഗേഷൻ കരാറുകൾ കർശനമായി പാലിക്കണമെന്നും ജിസിസി യോഗം ആവശ്യപ്പെട്ടു.
Leave a Reply