സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്ർ വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന അവസാന മത്സരത്തിൽ അൽ നസ്റിന്റെ തോൽവിക്ക് പിന്നാലെ താരം പോസ്റ്റിട്ടതോടെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ‘ഈ അധ്യായം കഴിഞ്ഞിരിക്കുന്നു. പക്ഷേ കഥയോ, അതിപ്പോഴും എഴുതപ്പെടുകയാണ്. എല്ലാവർക്കും നന്ദി..’ എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയാകുന്നത്. ക്ലബ്ബ് തോറ്റെങ്കിലും സൗദി പ്രോ ലീഗിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ.
1700 കോടിയിലേറെ വാർഷിക പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അൽ നസ്റിലെത്തിയത്. കോച്ചുമായുള്ള പിരിമുറുക്കങ്ങൾക്കിടെ കഴിഞ്ഞ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ ഇറങ്ങിയിരുന്നില്ല. സൗദി പ്രോ ലീഗിലെ അവസാന മത്സരത്തിനിറങ്ങിയ അൽ നസ്ർ മൂന്ന് ഒന്നിന്, അൽ ഫതഹിനോട് കീഴടങ്ങി. മത്സരത്തിൽ ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടി. 25 ഗോളുമായി 40ാം വയസ്സിലും സൗദി പ്രോ ലീഗിലെ മികച്ച ഗോൾ വേട്ടക്കാരനാണ് താരം. പക്ഷേ, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അൽ നസ്ർ. തോൽവിയോടെ എ.എഫ്.സി ചാമ്പ്യൻസ് എലൈറ്റിലോക്കുള്ള വഴിയും അടഞ്ഞു.
അൽ നസ്റുമായുള്ള റൊണാൾഡോയുടെ കരാർ ജൂണിൽ തീരും. നോട്ടമിട്ട് പ്രോ ലീഗിലെ അൽ ഹിലാലും ബ്രസീൽ ക്ലബ്ബും പിറകെയുണ്ട്. അൽ നസ്റും ഓഫർ വർധിപ്പിച്ച് നിലനിർത്താൻ ശ്രമിക്കുന്നു. പക്ഷേ, ക്രിസ്റ്റ്യാനോയുടെ മനസ്സറിയാൻ കാത്തിരിക്കണം. മത്സരം തുടരാൻ തീരുമാനിച്ച ഗോട്ടിന്റെ ഉള്ളിലെന്താണെന്ന് തേടുകയാണ് കായിക ലോകം.
Leave a Reply