Advertisement

മക്കയിലും മദീനയിലും വാഹന പരിശോധന ശക്തമാക്കി

മക്ക: മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി. ഒരാഴ്ചക്കുള്ളിൽ 13,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി റമദാൻ 16 മുതൽ 22 വരെയുള്ള ദിനങ്ങളിൽ നടത്തിയ പരിശോധനകളുടെ കണക്കുകളാണിത്. മക്ക നഗരത്തിൽ മാത്രം 54,000 അധികം ഫീൽഡ് പരിശോധന നടത്തിയിരുന്നു. ലൈസൻസ് പരിശോധന, വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾ, ഗതാഗത വ്യവസ്ഥകൾ പാലിക്കൽ തുടങ്ങി വിവിധതരത്തിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

മദീനയിൽ 11,000 പരിശോധനകളാണ് ഒരാഴ്ചക്കുള്ളിൽ നടത്തിയത്. റമദാനിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പ്രത്യേക ഡ്യൂട്ടി നൽകി മക്കയിൽ നിയമിച്ചിരുന്നു. ഇവരെ കൂടി ഉൾപ്പെടുത്തിയാണ് പരിശോധന ശക്തമാക്കുന്നത്.

നിയമലംഘകർക്കെതിരെ പിഴയുൾപ്പടെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മക്കയിലും മദീനയിലും എത്തുന്ന വിശ്വാസികൾക്ക് ഗുണനിലവാരമുള്ള ഗതാഗതസേവനങ്ങൾ ലഭ്യമാവണം. ലക്ഷക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയ്ക്ക് എത്തുന്ന പുണ്യനഗരികളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.

Leave a Reply

Your email address will not be published. Required fields are marked *