Advertisement

യുക്രൈനോട് പോരാടാൻ റഷ്യയിലേക്ക് കൂടുതൽ സൈനികരെ അയച്ച് നോര്‍ത്ത് കൊറിയ

സിയോള്‍: യുക്രൈനെതിരെ പോരാടാന്‍ റഷ്യയെ സഹായിക്കുന്നതിനായി കൂടുതല്‍ സൈനികരെ നോര്‍ത്ത് കൊറിയ അയച്ചതായി ദക്ഷിണ കൊറിയ. 3000 സൈനികരെയാണ് ഇത്തവണ അയച്ചതെന്നാണ് ദക്ഷിണ കൊറിയ ആരോപിക്കുന്നത്.

ഇതുവരെ 11,000 സൈനികരെയാണ് യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതിനായി നോര്‍ത്ത് കൊറിയ അയച്ചത്. ഇതില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 3600 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് 3000 സൈനികരെ കൂടി യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത്.

സൈനികര്‍ക്ക് പുറമെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ചെറുപീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നോര്‍ത്ത് കൊറിയ റഷ്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് റഷ്യ യുക്രൈനിലേക്ക് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് പുതിയ സംഭവവികാസങ്ങള്‍.

യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിന് പകരമായി ബഹിരാകാശ സാങ്കേതിക വിദ്യകളുള്‍പ്പെടെയുള്ള സഹായങ്ങള്‍ നോര്‍ത്ത് കൊറിയ തിരികെ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ സൈനികര്‍ക്ക് യുദ്ധ പരിശീലനവും അത്യാധുനിക ആയുധങ്ങളില്‍ പരിശീലനവും റഷ്യ നല്‍കുന്നുണ്ട്. ഇതിന് പുറമെ നോര്‍ത്ത് കൊറിയയ്ക്ക് കല്‍ക്കരി, ഭക്ഷണം, അവശ്യമരുന്നുകള്‍ എന്നിവയും റഷ്യ നല്‍കുന്നുണ്ട്. ഇതിനുപുറമെ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ ഉപരിപഠനത്തിനുള്ള സഹായവും നല്‍കുമെന്നാണ് വിവരം.

കഴിഞ്ഞ നവംബര്‍ മുതലാണ് യുക്രൈനില്‍നിന്ന് റഷ്യ പിടിച്ചെടുത്ത കുര്‍സ്‌കിലെ പ്രദേശങ്ങളിലേക്ക് നോര്‍ത്ത് കൊറിയന്‍ സൈനികരെ വിന്യസിച്ച് തുടങ്ങിയത്. എന്നാല്‍ യുക്രൈന്‍ തിരിച്ചടിയില്‍ വലിയ ആള്‍നാശം നേരിട്ടതോടെ ഇവരെ പിന്‍വലിച്ചിരുന്നു. അതേസമയം, പോരാട്ടത്തില്‍ യുക്രൈന്‍ സൈനികരാല്‍ പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ സ്വയം ഗ്രനേഡ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുന്ന ശൈലിയാണ് നോര്‍ത്ത് കൊറിയന്‍ സൈനികര്‍ അനുവര്‍ത്തിക്കുന്നത്.

റഷ്യയുമായി നോര്‍ത്ത് കൊറിയ കൂടുതല്‍ അടുക്കുന്നത് ആയുധവികസനത്തില്‍ റഷ്യയില്‍നിന്ന് സാങ്കേതികവിദ്യകള്‍ അവര്‍ക്ക് ലഭിക്കുമെന്ന ആശങ്കയിലാണ് യു.എസ്. അടുത്തിടെ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന വമ്പന്‍ ആളില്ലാ വിമാനം നോര്‍ത്ത് കൊറിയ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനുള്ള സാങ്കേതികവിദ്യകള്‍ റഷ്യയില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *