Advertisement

‘നാഫിസ്’ കാലാവധി നീട്ടി: സ്വദേശിവൽക്കരണത്തിൽ നിർണായക നീക്കവുമായി രാജ്യം

അബുദാബി: യുഎഇയുടെ തൊഴിൽ വിപണിയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘നാഫിസ്’ പദ്ധതിയുടെ കാലാവധി 2040 വരെ നീട്ടി. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള ചരിത്രപരമായ ഈ ഉത്തരവ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുറപ്പെടുവിച്ചത്.

അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിന്റെ വികസനക്കുതിപ്പിൽ സ്വദേശി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. ‘കുടുംബ വർഷം 2026’ പ്രഖ്യാപനത്തിന്റെ ഭാഗമായി സ്വദേശി കുടുംബങ്ങളെ ശാക്തീകരിക്കുന്നതിനുള്ള വിപുലമായ ആനുകൂല്യങ്ങളും പദ്ധതിയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വദേശി സമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് പ്രഖ്യാപനമെന്ന് യുഎഇ വൈസ് പ്രസിഡന്റും എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികൾക്ക് ഇപ്പോഴും ഡിമാൻഡ് നിലനിൽക്കുന്നതിനാൽ നാഫിസ് പദ്ധതി നീട്ടിയത് പ്രവാസികളെ സംബന്ധിച്ച് ഉടനടി വലിയ ആശങ്കകൾക്ക് ഇടയാക്കുന്നില്ല എന്നതാണ് വസ്തുത. പ്രധാന കാരണങ്ങൾ ഇവയാണ്:
∙ വിപണിയുടെ വിപുലീകരണം: യുഎഇയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്. സ്വകാര്യ മേഖലയിലെ പുതിയ തൊഴിലവസരങ്ങളിൽ നിശ്ചിത ശതമാനം സ്വദേശികൾക്കായി മാറ്റിവയ്ക്കുമ്പോഴും വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികൾക്ക് ഇപ്പോഴും വലിയ ഡിമാൻഡ് നിലനിൽക്കുന്നുണ്ട്.

∙ പൂരക സേവനം: പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്നതിലുപരി, സ്വദേശികൾ വരാൻ മടിക്കുന്ന മേഖലകളിൽ അവരെ പ്രോത്സാഹിപ്പിക്കുകയാണ് നാഫിസ് ചെയ്യുന്നത്. ഇത് തൊഴിൽ വിപണിയെ കൂടുതൽ സജീവമാക്കും.

∙ സ്ഥിരതയുള്ള അന്തരീക്ഷം: സ്വദേശിവൽക്കരണം ശക്തമാക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സാമ്പത്തിക ഭദ്രതയും വർധിപ്പിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പ്രവാസി നിക്ഷേപകർക്കും ബിസിനസുകാർക്കും ഗുണകരമാണ്.

∙ നിയമപരമായ വ്യക്തത: നാഫിസ് ആനുകൂല്യങ്ങൾ പ്രധാനമായും ശമ്പള പിന്തുണയും കുട്ടികൾക്കുള്ള അലവൻസുകളുമാണ്. ഇത് സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വദേശികളെ നിയമിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനാൽ പ്രവാസികളുടെ നിലവിലെ തൊഴിൽ സാഹചര്യങ്ങളെ ഇത് നേരിട്ട് ബാധിക്കില്ല.

പുതിയ മാറ്റങ്ങൾ ചുരുക്കത്തിൽ:
അലവൻസുകൾ: നാഫിസ് ഗുണഭോക്താക്കൾക്ക് എത്ര കുട്ടികൾക്കു വേണമെങ്കിലും ഇനി മുതൽ അലവൻസ് ലഭിക്കും (നേരത്തെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നു).

വനിതാ പ്രാതിനിധ്യം: നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളിൽ 74 ശതമാനവും സ്ത്രീകളാണ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെയും സ്വദേശികളെ വിവാഹം കഴിച്ച വനിതകളുടെയും കുട്ടികൾക്ക് പ്രത്യേക ശമ്പള പിന്തുണ ഉറപ്പാക്കും.
നേട്ടം: 2021ൽ ആരംഭിച്ച പദ്ധതി വഴി ഇതുവരെ 1,76,000 സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നൽകാനായി.

രാജ്യത്തിന്റെ സമഗ്രമായ സാമ്പത്തിക വളർച്ചയിൽ സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടാണ് യുഎഇ മുന്നോട്ടുവെക്കുന്നത്. പുതിയ തീരുമാനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ മന്ത്രാലയം വ്യക്തമാക്കും.

Leave a Reply

Your email address will not be published. Required fields are marked *