സൗദി അറേബ്യയിൽ ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് മഴക്കാലം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് ഏപ്രിൽ മാസത്തിലാണെന്നും, ഇത്തവണ മിക്ക പ്രദേശങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ജിസാൻ, അസീർ തുടങ്ങിയ തെക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് റിപ്പോർട്ട്. മക്ക പ്രവിശ്യയിലെ ത്വാഇഫ്, മയ്‌സാൻ തുടങ്ങിയ ഇടങ്ങളിൽ നേരിയ തോതിലുള്ള മഴയും പൊടിക്കാറ്റും പ്രതീക്ഷിക്കുന്നു. എന്നാൽ റിയാദ് മേഖലയിലെ വാദി അൽ ദവാസിർ, അൽ അഫ്‌ലജ് തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഇതിനുപുറമെ കിഴക്കൻ പ്രവിശ്യ, തബൂക്ക്, അൽ ജൗഫ്, മദീന തുടങ്ങിയ ഇടങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കാം. അടുത്ത വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്.









Leave a Reply