വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ 60കാരിയായ യാത്രക്കാരി മരിച്ചു. മൃതദേഹവുമായി മണിക്കൂറുകളോളം വിമാനം പറന്നു. ഇന്ന് ഹോങ്കോങ്ങില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട BA32 ബ്രിട്ടിഷ് എയര്‍വേസ് വിമാനത്തിലാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിലുളളിലാണ് യാത്രക്കാരി മരണപ്പെട്ടത്. തുടര്‍ന്ന് മൃതദേഹവുമായി തിരികെ പോകാമെന്ന് യാത്രക്കാര്‍ പറഞ്ഞെങ്കിലും പൈലറ്റ് അതിന് തയ്യാറായില്ലെന്നാണ് ആരോപണം. മൃതദേഹവുമായി വിമാനത്തിലെ 331ഓളം ആളുകള്‍ യാത്ര ചെയ്തത് 13 മണിക്കൂറാണ്.
മൃതദേഹം ടോയ്ലറ്റിനടുത്ത് സൂക്ഷിക്കാന്‍ പൈലറ്റുമാര്‍ നിര്‍ദേശം നല്‍കിയെങ്കിലും കാബിൻ ക്രൂ മൃതദേഹം വിമാനത്തിന്‍റെ പിൻഭാഗത്തുള്ള ചൂടുള്ള ഗാലിയിലാണ് സൂക്ഷിച്ചത്. ചൂടുകൂടുതലുളള സ്ഥലമായതിനാല്‍ തന്നെ അല്‍പ സമയത്തിനകം വിമാനത്തിനകത്ത് ദുർഗന്ധം പരന്നതായി യാത്രക്കാർ പരാതിപ്പെട്ടു. മരിച്ച സ്ത്രീയുടെ ബന്ധുക്കളും വിമാനയാത്രയിലുടനീളം അസ്വസ്ഥരായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
13 മണിക്കൂര്‍ യാത്രയില്‍ മൃതദേഹവും വഹിച്ച് കൊണ്ടുപോകുന്നതിനുപകരം വിമാനം തിരിച്ചിറക്കുന്നതാണ് നല്ലതെന്ന് യാത്രക്കാര്‍ പറഞ്ഞെങ്കിലും യാത്ര തുടരാന്‍ തന്നെ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. മരണം സംഭവിച്ചുകഴിഞ്ഞാല്‍ അതിനെ മെഡിക്കല്‍ എമര്‍ജന്‍സിയായി കണക്കാക്കാന്‍ ആകില്ല എന്നായിരുന്നു പൈലറ്റിന്‍റെ മറുപടി. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെയും 45മിനിറ്റോളം യാത്രക്കാര്‍ക്ക് വിമാനത്തിനകത്ത് തുടരേണ്ടിവന്നു. പൊലീസ് പരിശോധനയുടെ ഭാഗമായാണ് യാത്രക്കാര്‍ക്ക് ഉടനടി വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കാഞ്ഞത്.
സംഭവത്തില്‍ പൈലറ്റിനും കാബിന്‍ ക്രൂവിനുമെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്രിട്ടിഷ് എയർവേയ്സ് ക്രൂവിന് പിന്തുണ വാഗ്ദാനം ചെയ്തു. വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും പിന്തുണയ്ക്കുന്നുണ്ടെന്ന് ബ്രിട്ടിഷ് എയർവേയ്സ് വക്താവ് പറഞ്ഞു. ‘വിമാനത്തില്‍ വച്ച് ഒരു യാത്രക്കാരി മരിച്ചു. ഈ ദുഷ്കരമായ സമയത്ത് ഞങ്ങളുടെ ചിന്തകൾ അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ്. ഞങ്ങൾ ഞങ്ങളുടെ ക്രൂവിനെ പിന്തുണയ്ക്കുന്നു, എല്ലാ നടപടിക്രമങ്ങളും ശരിയായി പാലിച്ചു’- എന്നായിരുന്നു ബ്രിട്ടിഷ് എയർവേയ്സ് വക്താവിന്‍റെ വാക്കുകള്‍.









Leave a Reply