Advertisement

യുഎഇ എണ്ണവിപണിയുടെ നിയന്ത്രണകേന്ദ്രം; ഫുജൈറ തുറമുഖം നിലച്ചാൽ സംഭവിക്കുന്നത്

ദുബൈ : യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശനിയാഴ്ച ഡ്രോൺ ആക്രമണത്തിലുണ്ടായ തീപിടുത്തത്തെ തുടർന്ന് എണ്ണ കയറ്റുമതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും അസംസ്‌കൃത എണ്ണയുടെയും മറ്റ് ഇന്ധനങ്ങളുടെയും കയറ്റുമതിക്കും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഈ തുറമുഖം.

അമേരിക്ക ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ രണ്ടാഴ്ച പിന്നിട്ടു. കഴിഞ്ഞ ദിവസമാണ് ഇറാന്റെ പ്രധാന എണ്ണ കേന്ദ്രമായ ഖാർ​ഗ് യുഎസ് ആക്രമിച്ചത്. ​ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങൾ വഴിയാണ് അമേരിക്ക ആക്രമണം നടത്തിയെതെന്ന് ഇറാൻ ഇതിനെതിരെ പ്രതികരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം ഇറാൻ നിർത്തിവച്ചിരിക്കുകയാണ്.

യുദ്ധമോ മറ്റ് തടസ്സങ്ങളോ കാരണം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ എണ്ണ കയറ്റുമതിക്കായി ഗൾഫ് രാജ്യങ്ങൾ ആശ്രയിക്കുന്ന പ്രധാന കവാടമായി ഫുജൈറയെ കണക്കാക്കാം. അബുദാബിയിൽ നിന്ന് ‘ഹബ്ഷാൻ-ഫുജൈറ’ പൈപ്പ്‌ലൈൻ വഴി എണ്ണ നേരിട്ട് ഇവിടെ എത്തിക്കാൻ സാധിക്കും. ഏകദേശം 1.8 കോടി ക്യുബിക് മീറ്റർ എണ്ണ സംഭരിക്കാനുള്ള ശേഷി ഈ തുറമുഖത്തിനുണ്ട്.

കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.7 ദശലക്ഷം വീപ്പയിലധികം അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച ഇന്ധനവുമാണ് ഫുജൈറ വഴി കയറ്റുമതി ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ഇത് ലോകത്തെ പ്രതിദിന എണ്ണ ആവശ്യകതയുടെ ഏകദേശം 1.7 ശതമാനത്തിന് തുല്യമാണ്.

ഹോ‌ർമുസ് കടലിടുക്കിന് ഏകദേശം70 നോട്ടിക്കൽ മൈലിനകലെ ഒമാൻ തീരത്ത് സ്ഥിതിചെയ്യുന്ന ഫുജൈറയുടെ പ്രവർത്തനം നിലച്ചാൽ നിലവിലെ സാഹചര്യത്തിൽ അത് ആ​ഗോള വിപണിയെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *