Advertisement

കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് എംബസികളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ ശ്രമിച്ചുകൊണ്ടിരിക്കെ, സൗദി അറേബ്യയിലെയും കുവൈത്തിലെയും യു.എസ് എംബസികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയതായി ഇന്ന് അറിയിച്ചു. അതേസമയം, ഇസ്രായിലില്‍ നിന്ന് അമേരിക്കക്കാരെ ഒഴിപ്പിക്കാനോ ഇസ്രായില്‍ വിടാന്‍ നേരിട്ട് സഹായിക്കാനോ നിലവില്‍ കഴിയില്ലെന്ന് ജറൂസലമിലെ യു.എസ് എംബസി സ്ഥിരീകരിച്ചു.
അമേരിക്കന്‍ പൗരന്മാര്‍ക്ക് സേവനങ്ങള്‍ക്കായുള്ള എല്ലാ അപ്പോയിന്റ്മെന്റുകളും, പതിവ് സേവനങ്ങളും അടിയന്തിര സേവനങ്ങളും, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി റിയാദ് യു.എസ് എംബസി പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ ജിദ്ദ, റിയാദ്, ദഹ്റാന്‍ നഗരങ്ങളില്‍ വീട്ടില്‍ തന്നെ തുടരുക എന്ന മുന്നറിയിപ്പ് പ്രാബല്യത്തില്‍ തുടരുമെന്ന് സൗദി അറേബ്യയിലെ യു.എസ് എംബസി വ്യക്തമാക്കി. സൗദി അറേബ്യയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ എംബസി കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ കാരണം എംബസി കോമ്പൗണ്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വീടിനുള്ളില്‍ തന്നെ തുടരണമെന്നും എംബസി അഭ്യര്‍ഥിച്ചു. മേഖലയിലെ സൈനിക കേന്ദ്രങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ പരിമിതപ്പെടുത്തുന്നത് തുടരാന്‍ എംബസി നിര്‍ദേശിച്ചു. പ്രാദേശിക സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. ഏറ്റവും പുതിയ സുരക്ഷാ മുന്നറിയിപ്പുകള്‍ അവലോകനം ചെയ്യാനും, ഏതെങ്കിലും അസ്വസ്ഥതകള്‍ മുന്‍കൂട്ടി കണ്ട് യാത്രാ പദ്ധതികള്‍ വീണ്ടും വിലയിരുത്താനും, തങ്ങളുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാനും എംബസി എല്ലാ യാത്രക്കാരോടും അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *