Advertisement

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

 

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തര്‍ദേശീയ സംഭവങ്ങളും ചര്‍ച്ചയായി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി. റമദാന്‍ സന്ദേശവും കാന്തപുരം കൈമാറി.

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ് ഐ ആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഢ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി. അന്താരാഷ്ട്ര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം അഭിനന്ദിച്ചു.

കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും ആഗോള തലത്തില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുംവിധം നടത്തുന്ന സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളും അടുത്തറിയുന്നുണ്ടെന്നും അവ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഗ്രാന്‍ഡ് മുഫ്തിയെ കൂടാതെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എസ് വൈ എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *