റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം പ്രാബല്യത്തിൽ. സൗദി കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ഇന്നലെ മുതൽ ടെർമിനൽ 1, 2 എന്നിവയിൽ നിന്നാണ് പുറപ്പെടുക. ഫെബ്രുവരി 25 വരെയാണ് ഘട്ടം ഘട്ടമായുള്ള ടെർമിനൽ മാറ്റം. 10 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾ വിവിധ ടെർമിനലുകളിലേക്ക് മാറ്റും. ഫെബ്രുവരി 24 മുതൽ സൗദി കമ്പനികളുടെ ആഭ്യന്തര വിമാനങ്ങൾ ടെർമിനൽ നാലിൽ നിന്ന് സർവീസ് നടത്തും.
ഫെബ്രുവരി 25 മുതൽ വിദേശ കമ്പനികളുടെ അന്താരാഷ്ട്ര വിമാനങ്ങൾ ടെർമിനൽ അഞ്ചിൽ നിന്ന് സർവീസ് നടത്തും. അതേദിവസം തന്നെ സൗദി കമ്പനികളുടെ ആഭ്യന്തര വിമാന സർവീസുകൾക്കായി മൂന്ന്, നാല് ടെർമിനലുകൾ ലയിപ്പിക്കും.
സൗദിയ, ഫ്‌ളൈനാസ്, ഫ്ളൈ അദീൽ, വിദേശ വിമാനക്കമ്പനികൾ എന്നിവയുടെ വിമാനങ്ങൾക്ക് ടെർമിനൽ മാറ്റം ബാധകമാകും. യാത്രക്കാരുടെ ഒഴുക്ക്, പ്രവർത്തന കാര്യക്ഷമത, ദീർഘകാല സേവന നിലവാരം എന്നിവ മെച്ചപ്പെടുത്താനാണ് നടപടിയെന്ന് വിമാനത്താവളം അറിയിച്ചു. 40 വർഷത്തിലേറെയുള്ള പ്രവർത്തന കാലയളവിലെ വമ്പൻ മാറ്റമാണ് നടക്കുന്നത്.









Leave a Reply