ഹോങ്കോങ്: ഹോങ്കോങ്ങിലെ വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഡെസ്കുകൾ ലോഹദണ്ഡ് ഉപയോഗിച്ച് അടിച്ചു തകർത്ത് വിനോദസഞ്ചാരി.
ബ്രിട്ടിഷ് പൗരനായ 35 വയസ്സുകാരനാണ് ഏകദേശം 10 ഓളം ചെക്ക്-ഇൻ കിയോസ്കുകൾ, സമീപത്തെ കൗണ്ടറുകൾ, റെയിലിങ്ങുകൾ എന്നിവ തകർത്ത് വിമാനത്താവളത്തിൽ ഭീതിപരത്തിയത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 6 മണിയോടെ വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലായിരുന്നു ആക്രമണം.
എയർപോർട്ട് അതോറിറ്റി ജീവനക്കാരും എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നത് തടയാൻ മുന്നറിയിപ്പ് നൽകി. എന്നിട്ടും ആക്രമണം തുടർന്ന് ആക്രമിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഡെസ്കുകൾ തകർത്തതിന് പുറമെ വയാഗ്ര ഗുളികകൾ കൈവശം വെച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ വയാഗ്ര കൈവശം വയ്ക്കുന്നത് ഹോങ്കോങ്ങിൽ കുറ്റകൃത്യമാണ്. ഇയാൾക്ക് ബോർഡിങ് പാസ് ഉണ്ടായിരുന്നില്ലെന്നും യാത്ര ചെയ്യുന്നതിനല്ല മറിച്ച് ടിക്കറ്റ് വാങ്ങുന്നതിനാണ് പ്രതി വിമാനത്താവളത്തിൽ എത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. നാല് വയാഗ്ര ഗുളികകളാണ് ഇയാളുടെ സ്യൂട്ട്‌കേസിൽ നിന്ന് കണ്ടെത്തിയത്. വയാഗ്ര ഗുളികകൾ കൈവശം വെക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും 9,400 പൗണ്ട് വരെ പിഴയും ലഭിക്കാം. വിമാനത്താവളത്തിലെ ബസ് അൺലോഡിങ് ഏരിയയിൽ നിന്നാണ് പ്രതി പിടിയിലായത്.









Leave a Reply