റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിൽ ബ്ലാക് ടൈ ധരിക്കാതെയെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് സൗദി കിരീടാവകാശി അത്താഴ വിരുന്നിൽ എത്തിയത്.
വസ്ത്രത്തിന് കൃത്യമായ പ്രോട്ടോക്കോളുള്ള ഈ ഇവന്റിൽ സൗദി കിരീടാവകാശി അറേബ്യൻ വസ്ത്രത്തിലെത്തിയത് യുഎസ് മാധ്യമങ്ങളിൽ വിവാദവും ചർച്ചയുമായിരിക്കുകയാണ്. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ കായിക താരങ്ങളും ഇലോൺ മസ്‌ക് ഉൾപ്പെടെ സഹസ്ര കോടീശ്വരന്മാരും പ്രോട്ടോകൾ പാലിച്ചാണ് എത്തിയത്.
ട്രംപ് ധരിച്ച പോലെ ഗ്രോസ് ഗ്രയ്ൻ ലാപ്പലുള്ള ബ്ലാക് ഡിന്നർ ജാക്കറ്റ്, ഫ്രഞ്ച് കഫുള്ള വൈറ്റ് ഷർട്ട്, ബ്ലാക് പാന്റ്, ബ്ലാക് ലെതർ ഷൂ, നീളമില്ലാത്ത ബ്ലാക് ടൈ എന്നിവ ധരിച്ചാണ് വൈറ്റ് ഹൗസിന്റെ ഗാല ഡിന്നറിൽ എത്തേണ്ടത്. ഈ അത്താഴ വിരുന്ന് അറിയപ്പെടുന്നത് പോലും ബ്ലാക് ടൈ ഡിന്നർ എന്നാണ്. അതാണ് യുഎസിലെ രീതി.
സാധാരണ വിദേശ രാഷ്ട്ര നേതാക്കൾ അത് പാലിക്കാറുമുണ്ട്. അതല്ലാത്തവ യുഎസ് സാംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് വെപ്പ്. പക്ഷേ പരമ്പരാഗത സൗദി വസ്ത്രമായ തോബ്, ബിഷ്ത്, ഖുദ്ര എന്നിവ ധരിച്ചാണ് കിരീടാവകാശി യുഎസിലും ട്രംപ് ഒരുക്കിയ അത്താഴ വിരുന്നിലും എത്തിയത്. സാംസ്‌കാരത്തിലെ അഭിമാനവും ആത്മവിശ്വാസവുമാണ് അറബ് ലോകത്തെ വസ്ത്രം. അറബ് ലോകത്തെത്തുന്ന രാഷ്ട്ര നേതാക്കൾ അവർക്കിഷ്ടമുള്ള വസ്ത്രമണിഞ്ഞാണ് എത്താറുള്ളതും. ഇത്തവണ സൗദി കിരീടാവകാശി എത്തുന്നതിന് മുന്നേ ഓൺലൈൻ ബെറ്റിങ് സൈറ്റുകളിലടക്കം കിരീടാവകാശിയുടെ വസ്ത്രം ചർച്ചയായിരുന്നു. കിരീടാവകാശി ബ്ലാക് ടൈ ധരിച്ചെത്തിയാൽ അതിന് 17 ഇരട്ടിവരെയായിരുന്നു വാതുവെപ്പ് തുക. ഇതിനെ കിരീടാവകാശി ട്രോളുകയും ചെയ്തു.









Leave a Reply