സൗദിയിലെ പെട്രോൾ പമ്പുകളിലും സർവീസ് സെന്ററുകളിലും ക്യൂ പാലിക്കാത്തവർക്കും വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാത്തവർക്കും ഇനി ഇന്ധനം ലഭിക്കില്ല, ഇതു സംബന്ധിച്ച് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുകയാണ് ഊർജ മന്ത്രാലയം. സ്റ്റേഷനുകൾക്കുള്ളിൽ വാഹനങ്ങളുടെ ഗതാഗതം ക്രമീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. നിശ്ചിത ക്യൂ പാലിക്കാതെ എത്തുന്നവർക്ക് ഇന്ധനം നിഷേധിക്കണം. കൂടാതെ, ഇന്ധനം നിറയ്ക്കുന്ന സമയത്ത് വാഹനത്തിന്റെ എഞ്ചിൻ നിർബന്ധമായും ഓഫ് ചെയ്യണം. ഇത് പാലിക്കാത്ത ഉപഭോക്താക്കൾക്കും ഇന്ധനം നൽകുന്നത് ഒഴിവാക്കാൻ ഗ്യാസ് സ്റ്റേഷനുകളുടെയും സർവീസ് സെന്ററുകളുടെയും നടത്തിപ്പുകാർക്കും ജീവനക്കാർക്കും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനാനുഭവം നൽകാനും സുരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ ക്യൂ സംവിധാനം പാലിക്കുന്നതിലൂടെ സേവനം വേഗത്തിലാക്കാനും ലംഘനങ്ങൾ തടയാനും സാധിക്കും. ഗ്യാസ് സ്റ്റേഷനുകളുടെ നടത്തിപ്പ്, ഓപ്പറേഷൻ, മെയിന്റനൻസ് ചുമതലയുള്ളവർക്ക് അയച്ച സർക്കുലറിൽ, ഇന്ധനം നിറയ്ക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ഓഫ് ചെയ്യാതിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്ധനം നൽകുന്നത് തടയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.









Leave a Reply