പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25,000 ത്തിലധികം പ്രവാസികുടുംബങ്ങള്‍. പദ്ധതിയില്‍ ചേരാനുളള തീയതി ഈ മാസം 30 വരെ നീട്ടി. അംഗങ്ങള്‍ക്ക് നവംബര്‍ 1 മുതല്‍ പരിരക്ഷ ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് നോര്‍ക്ക കെയര്‍. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുളള പ്രവാസി മലയാളികള്‍ പദ്ധതിയെ ഇരുംകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ മാസം 22 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ഇതുവരെ ചേര്‍ന്നത് 25000ലധികം കുടുംബങ്ങള്‍. മികച്ച പ്രതികരണം ലഭിച്ചതോടെ പദ്ധതിയില്‍ ചേരുന്നതിനുളള അവസാന തീയതി 30വരെ നീട്ടി. നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ റജിസ്റ്റര്‍ ചെയ്യാം.
നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്‍റ് ഐ.ഡി തുടങ്ങിയവ ഉളള പ്രവാസികേരളീയര്‍ക്ക് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ കൂട്ടമായും ചേരാം. പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക റജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തിന് 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ചികിത്സ ഉറപ്പാക്കും.








Leave a Reply