Advertisement

മൂന്നു മാസത്തിനിടെ സൗദി അറേബ്യ 8,12,527 തൊഴില്‍ വിസകള്‍ അനുവദിച്ചു

മൂന്നു മാസത്തിനിടെ സൗദി അറേബ്യ 8,12,572 തൊഴില്‍ വിസകള്‍ അനുവദിച്ചതായി വിദേശ മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ പ്രതിദിനം ശരാശരി 9,028 തൊഴില്‍ വിസകള്‍ തോതില്‍ ആകെ 8,12,572 തൊഴില്‍ വിസകളാണ് വിദേശങ്ങളിലെ സൗദി എംബസികളും കോണ്‍സുലേറ്റുകളും സ്റ്റാമ്പ് ചെയ്തത്. സൗദി അറേബ്യയില്‍ ദൃശ്യമായ വികസനത്തിന്റെ തുടര്‍ച്ചയായ വേഗതയും മെഗാ പദ്ധതികളെ പിന്തുണക്കാനായി വിദഗ്ധ പ്രതിഭകളെയും തൊഴിലാളികളെയും ആകര്‍ഷിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ഇത് പ്രതിഫലിപ്പിക്കുന്നു.

ബംഗ്ലാദേശിലെ ധാക്ക സൗദി എംബസിയാണ് മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ വിസകള്‍ സ്റ്റാമ്പ് ചെയ്തത്. ആകെ 2,03,877 തൊഴില്‍ വിസകള്‍ ധാക്ക എംബസി നല്‍കി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ മുംബൈ സൗദി കോണ്‍സുലേറ്റ് 93,839 വിസകളും മൂന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനിലെ കറാച്ചി കോണ്‍സുലേറ്റ് 88,273 തൊഴില്‍ വിസകളും മൂന്നു മാസത്തിനിടെ അനുവദിച്ചു. എത്യോപ്യയിലെ അഡിസ് അബാബ എംബസി 75,025 തൊഴില്‍ വിസകളും ഈജിപ്തിലെ കയ്റോ എംബസി 73,247 വിസകളും യെമനിലെ ഏദന്‍ എംബസി 53,826 വിസകളും ഫിലിപ്പീന്‍സിലെ മനില എംബസി 46,473 തൊഴില്‍ വിസകളും പാക്കിസ്ഥാനിലെ ഇസ്ലാമാബാദ് സൗദി എംബസി 38,509 വിസകളും ഉഗാണ്ടയിലെ കമ്പാല സൗദി എംബസി 19,455 വിസകളും ഇന്ത്യയിലെ ന്യൂദല്‍ഹി സൗദി എംബസി 16,970 തൊഴില്‍ വിസകളും മൂന്നു മാസത്തിനിടെ അനുവദിച്ചു.

മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളെ തൊഴിലാളികളെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തത് ബംഗ്ലാദേശില്‍ നിന്നാണ്. ബംഗ്ലാദേശില്‍ നിന്ന് 2,03,877 തൊഴിലാളികളെ മൂന്നു മാസത്തിനിടെ റിക്രൂട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാനില്‍ നിന്ന് 1,26,782 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 1,10,809 ഉം നാലാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്ന് 92,954 ഉം അഞ്ചാം സ്ഥാനത്തുള്ള എത്യോപ്യയില്‍ നിന്ന് 75,025 ഉം തൊഴിലാളികളെ മൂന്നു മാസത്തിനിടെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തു. ആറാം സ്ഥാനത്തുള്ള യെമനില്‍ നിന്ന് 55,880 ഉം ഏഴാം സ്ഥാനത്തുള്ള ഫിലിപ്പീന്‍സില്‍ നിന്ന് 46,473 ഉം എട്ടാം സ്ഥാനത്തുള്ള ഉഗാണ്ടയില്‍ നിന്ന് 19,455 ഉം ഒമ്പതാം സ്ഥാനത്തുള്ള നേപ്പാളില്‍ നിന്ന് 15,300 ഉം പത്താം സ്ഥാനത്തുള്ള കെനിയയില്‍ നിന്ന് 14,056 ഉം തൊഴിലാളികളെയും ഇക്കാലയളവില്‍ സൗദിയിലേക്ക് റിക്രൂട്ട് ചെയ്തു.

ദേശീയ സമ്പദ്വ്യവസ്ഥയിലെ സുപ്രധാന മേഖലകളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി, തൊഴില്‍ ശക്തി വൈവിധ്യവല്‍ക്കരിക്കാനും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള പങ്കാളിത്തം വികസിപ്പിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ന്റെ ചട്ടക്കൂടിനുള്ളില്‍ പ്രധാന വികസന പദ്ധതികളുടെ ആവശ്യകതകള്‍ നിറവേറ്റാനാണ് വിദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനും തൊഴില്‍ വിപണി കാര്യക്ഷമത മെച്ചപ്പെടുത്താനും വിഷന്‍ 2030 ശ്രമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *