അബുദാബി: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് സംഘാംഗങ്ങളായ 9 പേർ യുഎഇയിൽ വിചാരണ നേരിടുന്നു.
സംഘടിത കുറ്റകൃത്യത്തിലൂടെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ ഈ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷന്റെ ‘മൈ സേഫ് സൊസൈറ്റി’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് പരാതി നൽകിയത്. തന്നെ തട്ടിക്കൊണ്ടുപോയെന്നും കൈകൾ ബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും പരാതിക്കാരൻ മൊഴി നൽകിയിരുന്നു. സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്ന ഒട്ടേറെ കുറ്റകൃത്യങ്ങൾ ഈ സംഘം നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘടിത ക്രിമിനൽ സംഘമായി പ്രവർത്തിച്ചാണ് ഇവർ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.
പരാതി നൽകിയതിനെ തുടർന്ന് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫീസാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാനും പിടികൂടാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടാനുമുള്ള അന്വേഷണങ്ങൾ നടത്തിയത്. ഒരാഴ്ച തടവിലിട്ടു, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി.
പ്രതികളായ 9 പേർ ചേർന്ന് ആദ്യം ഇരയെ അവരുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് ആക്രമിക്കുകയും കൈകൾ ബന്ധിച്ച് ഒരാഴ്ചയോളം തടഞ്ഞുവെക്കുകയും ചെയ്തു. ശേഷം, കടപ്പത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും നഗ്നനാക്കി ചിത്രീകരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്താനായി ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തതായി കണ്ടെത്തി. അപകടകാരികളായ പ്രതികളുടെ ചിത്രങ്ങൾ അവരുടെ മുഖം മറച്ചുവച്ച് അധികൃതർ പൊതുജനങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.









Leave a Reply