ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു. ജില്ലാ മത്സരങ്ങളിൽ പാലക്കാട് കെഎംസിസി, കണ്ണൂർ കെഎംസിസിയുമായി ഏറ്റുമുട്ടും. ക്ലബ്ബ് തല മത്സരത്തിൽ ബിറ്റ് ബോൾട്ട് എഫ്.സി, കംഫർട്ട് ട്രാവൽസ് റീം എഫ് സിയെ നേരിടും. ജൂനിയർ തല മത്സരങ്ങളിൽ ജെ എസ് സി അക്കാദമി, സോക്കർ എഫ് സിയെ നേരിടും.
കഴിഞ്ഞവെള്ളിയാഴ്ച നടന്ന ജൂനിയർ വിഭാഗം സെമി മത്സരത്തിൽ സോക്കർ എഫ്.സി അമിഗോസ് എഫ്.സിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സോക്കർ എഫ്സിക്കുവേണ്ടി യാസീൻ രണ്ടു ഗോളുകളും, നേഹാൻ ഒരു ഗോളും നേടി. അമിഗോസ് എഫ്സിക്കുവേണ്ടി നാസിം, ഷഹാൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. സോക്കർ എഫ് സിയുടെ മുഹമ്മദ് യാസീനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
ജില്ലാതല ചാമ്പ്യൻഷിപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ താരം വി.പി സുഹൈർ നയിച്ച പാലക്കാട് കെ.എം.സി.സി, വയനാട് കെ.എം.സി.സിയെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി. മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ തുടർന്നു. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് പാലക്കാട് മൂന്നിനെതിരെ നാലുഗോളുകൾക്ക് വിജയിച്ചത്. ഗോൾ ബാറിനുകീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാലക്കാടിന്റെ മുഹമ്മദ് ആശിക്കിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. പാലക്കാടിനുവേണ്ടി സാനിഷ്, ജാവിദ് എന്നിവർ ഗോൾ നേടിയപ്പോൾ, വയനാടിനുവേണ്ടി നിഷാം, അഖിൽ ചന്ദ്രൻ എന്നിവർ ഗോൾ നേടി.
ക്ലബ്ബ് വിഭാഗം ചാമ്പ്യൻഷിപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ബിറ്റ്-ബോൾട്ട് എഫ്.സി, സി-മാക്ക് ഫൈസലീയ എഫ്.സിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. ബിറ്റ്ബോൾട്ട് എഫ്.സിക്കുവേണ്ടി സമാനത്തുൽ നസ്രിൻ ഗോൾ നേടി. ബിറ്റ്ബോൾട്ട് എഫ്.സിയുടെ ജിബിൻ വർഗീസിനെ കളിയിലെ മികച്ചതാരമായി തിരഞ്ഞെടുത്തു.
ക്ലബ്ബ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമിയിൽ കൺഫർട്ട് ട്രാവൽസ് റീം എഫ്.സി , സയാൻ അൽ ജസീറയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. റീം എഫ്സിക്കുവേണ്ടി ഗോകുൽ രണ്ടു ഗോളുകൾ നേടിയപ്പോൾ, സയാൻ അൽ ജസീറയ്ക്കുവേണ്ടി മുഹമ്മദ് ഫാസിൽ ഒരു ഗോൾ നേടി. റീം എഫ്സിയുടെ ഗോകുലിനെ മികച്ച കളിക്കാരനായി തിരഞെടുത്തു.
ജില്ലാതല ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമി ഫൈനലിൽ കണ്ണൂർ കെ.എം.സി.സി, കാസർഗോഡ് കെ.എം.സി.സി രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് പരാജയപ്പെടുത്തി. കണ്ണൂരിനുവേണ്ടി ഹാസിം അഹമ്മദ് രണ്ടു ഗോളുകളും , അനസ് ഒരുഗോളും നേടി. കാസർഗോഡ് എഫ്സിക്കു വേണ്ടി ഫൈസാൻ, ഷെഫിൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.ഹാശിം അഹ്‌മദിനെ മികച്ച താരമായി തിരഞ്ഞെടുത്തു.
അടുത്ത വെള്ളിയാഴ്ച വൈകീട്ട് 6.30 മുതലാണ് മത്സരങ്ങൾ തുടങ്ങുക. 3 ഡിവിഷനിലേയും ഫൈനൽ മത്സരം നടക്കും.
Leave a Reply