Advertisement

സ്കൂള്‍ ബസുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സൗദി

സൗദിയില്‍ സ്കൂള്‍ ബസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. പ്രൈമറി തലം മുതല്‍ താഴോട്ടുള്ള വിദ്യാര്‍ഥികളെ കൊണ്ട് പോകുന്ന ബസുകളില്‍ ആയമാര്‍ നിര്‍ബന്ധം. പന്ത്രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ബസുകള്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. സര്‍വീസ് ആരംഭിക്കുന്നതിന് അതോറിറ്റിയുടെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ലൈസന്‍സ് നേടിയിരിക്കണമെന്നും പുതിയ ചട്ടങ്ങളില്‍ നിഷ്കര്‍ശിക്കുന്നു.

പതിനെട്ട് വയസ്സില്‍ കുറയാത്തതും ക്രിമിനല്‍ പശ്ചാതലമില്ലെന്ന് സര്‍ട്ടിഫൈ ചെയ്ത ആളുമായിരിക്കണം ആയമാരായി ബസുകളില്‍ ഉണ്ടാവേണ്ടത്. ഇവര്‍ വിദ്യാർഥികളെ സഹായിക്കുകയും ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രയിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണം. സ്കൂള്‍ സര്‍വീസ് മേഖലയില്‍ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ മൂന്ന് വർഷത്തെ ലൈസൻസ് നേടണം. അഞ്ചില്‍ കുറയാത്ത ബസുകള്‍ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരിക്കണം.

ബസുകള്‍ക്ക് 12 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഉണ്ടായിരിക്കരുത്, ബസ് ഡ്രൈവർമാർക്ക് “പ്രൊഫഷണൽ ഡ്രൈവർ കാർഡ്” ഉണ്ടായിരിക്കണം, കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം, ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്, അതോറിറ്റി അംഗീകരിച്ച പ്രൊഫഷണൽ കോംപിറ്റൻസി ടെസ്റ്റ് പാസാകണം തുടങ്ങിയ നിബന്ധനകളും പാലിച്ചിരിക്കണം. ഓരോ യാത്രയ്ക്കു ശേഷവും ബസ് ശൂന്യമാണെന്നും, വിദ്യാർഥികൾ വാഹനത്തിലുണ്ടായിരിക്കെ ഇന്ധനം നിറയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റിയുടെ ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *