Advertisement

അഹമ്മദാബാദ് വിമാന ദുരന്തം, മൃതദേഹഭാഗങ്ങൾ ബ്രിട്ടനിലെ ബന്ധുക്കൾക്ക് നൽകിയതിൽ പിഴവെന്ന് ആരോപണം

ബ്രിട്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടൻ സ്വദേശികളുടെ മൃതദേഹ ശേഷിപ്പുകൾ ബന്ധുക്കൾക്ക് നൽകിയതിൽ പിഴവെന്ന് ആരോപണം. ബ്രിട്ടനിലെ പ്രാദേശിക ദിനപത്രമാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

ഇതിന് പിന്നാലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട ശോഭന പട്ടേലിന്റെ മൃതദേഹ ഭാഗങ്ങൾ അടങ്ങിയ പെട്ടിയിൽ വേറെയും മൃതദേഹഭാഗങ്ങൾ കണ്ടതായാണ് മകൻ ബിബിസിയോട് പ്രതികരിച്ചത്. പിതാവിന്റെ മൃതദേഹ ഭാഗത്തിനൊപ്പവും മറ്റാരുടേയോ മൃതദേഹഭാഗങ്ങൾ ലഭിച്ചതായി മിതൻ പട്ടേൽ എന്ന യുവാവും ബിബിസിയോട് പ്രതികരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഡെയ്ലിമെയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീ‍ർ ജയ്സ്വാൾ പ്രതികരണവുമായി എത്തിയിരുന്നു. ഡെയ്ലി മെയിലെ റിപ്പോർട്ട് ശ്രദ്ധയിൽ വന്നതായും അറി‌ഞ്ഞ നിമിഷം മുതൽ ബ്രിട്ടീഷ് സർക്കാരുമായി ചേർന്ന് ആശങ്ക പരിഹരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായുമാണ് വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വിശദമാക്കിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ അതി സൂക്ഷ്മത പാലിച്ചിരുന്നുവെന്നും പ്രോട്ടോക്കോളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കി. എല്ലാ മൃതദേഹങ്ങളും അങ്ങേയറ്റം പ്രൊഫഷണലിസത്തോടെയും മരിച്ചയാളുടെ അന്തസ്സിനെ മാനിച്ചുകൊണ്ടുമാണ് കൈകാര്യം ചെയ്തതെന്നുമാണ് വിദേശകാര്യമന്ത്രാലയം എക്സിൽ പ്രതികരിച്ചിട്ടുള്ളത്.

മൃതദേഹ ഭാഗങ്ങൾ കൂടിക്കലർന്ന നിലയിൽ വന്നത് ഗുരുതര അനാസ്ഥയാണെന്നാണ് മിതൻ പട്ടേൽ ബിബിസിയോട് പ്രതികരിച്ചത്. ആളുകൾ ഒരുപാട് സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത് തെറ്റ് സംഭവിക്കാൻ സാധ്യതയുണ്ട് എന്നാൽ തെറ്റായ മൃതദേഹ ഭാഗങ്ങൾ അയക്കുന്നതിൽ ഉത്തരവാദിത്തത്തിന്റെ അളവ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമാണ് മിതൻ പട്ടേൽ പ്രതികരിച്ചത്. ഇത്തരത്തിൽ രണ്ട് മൃതദേഹഭാഗങ്ങൾ തെറ്റായി എത്തിയതായാണ് ഡെയ്ലി മെയിൽ റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *