Advertisement

വരുന്നു സൗദിയിൽ പുതിയ ചെലവ് കുറഞ്ഞ ദേശീയ വിമാനക്കമ്പനി; 24 ആഭ്യന്തര, 57 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ കമ്പനി സർവീസ് നടത്തും

സൗദിയിൽ പുതിയ ചെലവ് കുറഞ്ഞ ദേശീയ വിമാനക്കമ്പനി രൂപീകരിക്കുന്നതിനുള്ള ബിഡ് മൂന്ന് കമ്പനികളുടെ കൺസോർഷ്യം നേടി.

വ്യോമയാന മേഖലാ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് പുതിയ ബജറ്റ് വിമാന കമ്പനിയുടെ പ്രവർത്തനം.

എയർ അറേബ്യ, കുൻ ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്, നെസ്മ ഗ്രൂപ്പ് എന്നീ കമ്പനികളുടെ കൺസോർഷ്യമാണ് ബിഡ് നേടിയതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്‌ദുൽ അസീസ് അൽ-ദുഐലജ് പ്രഖ്യാപിച്ചു. ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയാണ് പുതിയ കമ്പനി വരിക.

പുതിയ വിമാന കമ്പനി 2,400 ലേറെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ദേശീയ ഗതാഗത, ലോജിസ്റ്റിക് സർവീസ് തന്ത്രത്തിന്റെ ഭാഗമായ വ്യോമയാന പ്രോഗ്രാം ലക്ഷ്യങ്ങളുടെ ഭാഗമായി മൊത്തം ആഭ്യന്തരോൽപാദനത്തെ പിന്തുണക്കാനും കമ്പനി സഹായിക്കും. ദമാമിലും കിഴക്കൻ പ്രവിശ്യയിലും സാമ്പത്തിക, ടൂറിസം വളർച്ച പുതിയ വിമാന കമ്പനി പ്രോത്സാഹിപ്പിക്കും.

പുതിയ കമ്പനി യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകും. ഇത് സൗദി അറേബ്യയുടെ എയർ കണക്ടിവിറ്റി വർധിപ്പിക്കും. ദമാം എയർപോർട്ട് കേന്ദ്രീകരിച്ച് 45 വിമാനങ്ങൾ ഉപയോഗിച്ച് 24 ആഭ്യന്തര, 57 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുതിയ കമ്പനി സർവീസ് നടത്തും. 2030 ആകുമ്പോഴേക്കും ദമാം എയർപോർട്ടിലേക്കും തിരിച്ചും പ്രതിവർഷം ഒരു കോടി യാത്രക്കാർക്ക് പുതിയ ബജറ്റ് വിമാന കമ്പനി യാത്ര സൗകര്യം നൽകും.

Leave a Reply

Your email address will not be published. Required fields are marked *