Advertisement

നിമിഷ പ്രിയയുടെ മോചനം: കൂടുതൽ ചർച്ച നടത്തി കാന്തപുരം, അടിയന്തിര യോഗം

കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതൽ ചർച്ചകളുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനിൽ ഇന്നും ചർച്ച നടക്കുകയാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായാണ് ചർച്ച നടക്കുന്നത്. കാന്തപുരവുമായി ബന്ധമുള്ള യമനി പൗരൻ ആണ് ചർച്ച നടത്തുന്നത്.

നോർത്ത് യമനിൽ നടക്കുന്ന അടിയന്തിര യോഗത്തിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്. ബ്ലഡ് മണിക്ക് സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകണം എന്നാണ് ചർച്ചയിലെ നിർദേശം. വധശിക്ഷയിൽ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെയാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. വധശിക്ഷ നടപ്പിലാക്കാൻ 2 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്. അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദ്ദേശം നല്‍കി. കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *