കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ ചേലാ കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതർ. മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്നാണ് വിശദീകരണം. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. അതിനിടെ, പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ചേലാകർമ്മത്തിനായി സ്വകാര്യ ക്ലിനിക്കിൽ നിന്നും ലോക്കൽ അനസ്ത്യേഷ്യ നൽകിയതിന് പിന്നാലെയാണ് രണ്ട് മാസം പ്രായമായ എമിൽ അദത്തിന്റെ ആരോഗ്യനില വഷളായത്. പിന്നാലെ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ വിശദീകരണം വന്നത്.
സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പം അന്വേഷണം ആരംഭിച്ചു. ആരോപണം നേരിടുന്ന സ്വകാര്യക്ലിനിക്കിലെത്തിയ ആരോഗ്യവകുപ്പ് സംഘം കുട്ടിക്ക് നൽകിയ മരുന്നുകളുടെ വിശദാംശങ്ങൾ പരിശോധിച്ചു. വിഷയത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം.
Leave a Reply