കുളത്തൂപ്പുഴ (കൊല്ലം) ∙ 14 വർഷങ്ങൾക്കുമുൻപാണ് ആ അമ്മ മകന്റെ ശബ്ദം കേട്ടത്. പിന്നീടിന്നുവരെ മകൻ എവിടെയെന്നോ എങ്ങനെയെന്നോ അറിയാതെ ഉരുകിജീവിക്കുകയാണു കല്ലുവെട്ടാംകുഴി നിസാം മൻസിലിൽ സുലേഖാ ബീവി (76). മകൻ നിസാമുദ്ദീൻ 2007ലാണു സൗദി അറേബ്യയിലെ ബുറൈദയിലേക്കു ജോലി തേടിപ്പോയത്. 21 ാമത്തെ വയസ്സിൽ ഡ്രൈവർ വീസയിൽ അവിടെയെത്തിയ നിസാമുദ്ദീനെ കാത്തിരുന്നതു വിശ്രമ സങ്കേതം കാവൽക്കാരന്റെ ജോലിയായിരുന്നു.
തുച്ഛശമ്പളവും. അതു കൃത്യമായി കിട്ടിയിരുന്നതുമില്ല. ജോലിഭാരം സഹിക്കാനാകാതെ നിസാമുദ്ദീൻ ജോലി ഉപേക്ഷിച്ച് അവിടെനിന്ന് രക്ഷപ്പെട്ടു. 2011ൽ വീട്ടിലേക്കു വിളിച്ചു തന്റെ നിസഹായാവസ്ഥയും ഭീതിയും ഉമ്മയെയും സഹോദരങ്ങളെയും കണ്ണീരോടെ അറിയിച്ചു. ഇനി തനിക്ക് അവിടെ തുടരാനാവില്ലെന്നും മറ്റൊരു ജോലി തേടിപ്പോകുകയാണെന്നും പറഞ്ഞു. ജിദ്ദയിലേക്കാണു പോയതെന്നും അവിടെ സനായയിൽ ജോലി ചെയ്യുകയാണെന്നും വിവരം കിട്ടിയിരുന്നു. പിന്നീടിന്നുവരെ ഒരറിവുമില്ല.
മൊബൈൽ ഫോണും പ്രവർത്തനരഹിതമായി. ദീർഘകാലത്തെ തിരച്ചിലിലും നിസാമുദ്ദീനെ കണ്ടെത്താൻ സൗദിയിലെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ കഴിഞ്ഞിട്ടില്ല. പ്രവാസകാര്യ മന്ത്രിക്കും നോർക്കയ്ക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മകനെ കാണാനാകാതെ പിതാവ് ഫസലുദ്ദീൻ 5 വർഷം മുൻപു മരിച്ചു. സഹോദരി ഹസീനയും ഇന്നില്ല. ഈ വേർപാടുകളുടെ വിങ്ങലിലും മകൻ തിരികെയെത്തുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു സുലേഖാ ബീവി.
Leave a Reply