Advertisement

‘നിരവധി സ്ത്രീകളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടേണ്ടി വന്നു; കുറ്റബോധവും പേടിയും കാരണം ഉറങ്ങാനാകുന്നില്ല

മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി കര്‍ണാടക. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയിലെ മുന്‍ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി സ്ത്രീകളുടേയും ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടേയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നാണ് ദളിത് ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവരുടേതടക്കം മൃതദേഹങ്ങള്‍ സംസ്‌കരിക്കേണ്ടി വന്നതായാണ് വെളിപ്പെടുത്തല്‍. 1998 മുതല്‍ 2014 ഇത്തരത്തില്‍ നിരവധി സംസ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

കടുത്ത പശ്ചാത്താപവും കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കാനും വേണ്ടിയാണ് ഒരു പതിറ്റാണ്ടു കഴിഞ്ഞുള്ള വെളിപ്പെടുത്തലെന്ന് ഇദ്ദേഹം പറയുന്നു. മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലില്‍ ധര്‍മസ്ഥല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തായി ദക്ഷിണ കന്നഡ എസ്പി അരുണ്‍ കെ. പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പേര് വെളിപ്പെടുത്തരുത് എന്ന അപേക്ഷയുമായാണ് മുന്‍ ജീവനക്കാരന്‍ പൊലീസിനു മുന്നിലെത്തി വെളിപ്പെടുത്തല്‍ നടത്തിയത്. തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ ജീവനക്കാരനു വേണ്ടി അഭിഭാഷകരായ ഒജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡേ എന്നിവരാണ് പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

പരാതിക്കൊപ്പം മൃതദേഹങ്ങളുടെ ചിത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ മറവ് ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കണം. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബത്തോടൊപ്പം ധര്‍മസ്ഥലം ഉപേക്ഷിച്ച് മറ്റൊരിടത്ത് ഒളിച്ചു ജീവിക്കുകയാണ്. കൊല്ലപ്പെടുമെന്ന ഭയത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. പിന്നോക്ക കുടുംബത്തില്‍ ജനിച്ച താന്‍ 1995 മുതല്‍ 2014 വരെ ധര്‍മസ്ഥല ക്ഷേത്രത്തിന് കീഴില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. നേത്രാവതി നദിയിലും പരിസരത്തും ശുചീകരണ ജോലികളായിരുന്നു ഏറ്റെടുത്ത് ചെയ്തിരുന്നത്.

ജോലിക്കിടെ നിരവധി മൃതദേഹങ്ങള്‍ കണ്ടിരുന്നു. ആദ്യം ഇതെല്ലാം ആത്മഹത്യയോ മുങ്ങിമരണമോ ആണെന്നാണ് കരുതിയിരുന്നത്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളുടേതായിരുന്നു. പലതിലും വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമത്തിന്റെയും അക്രമത്തിന്റെയും ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ കഴുത്ത് ഞെരിച്ചതിന്റെയും മറ്റ് മുറിവുകളുടെയും ലക്ഷണങ്ങളും കാണാമായിരുന്നു. 1998 ല്‍ തന്റെ മേലുദ്യോഗസ്ഥന്‍ മൃതദേഹങ്ങള്‍ രഹസ്യമായി മറവ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അനുസരിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും പറഞ്ഞപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിച്ചു. തന്നേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.- പരാതിയില്‍ പറയുന്നത് ഇങ്ങനെ.

മൃതദേഹങ്ങളുള്ള സ്ഥലത്തേക്ക് തന്നേയും കൂട്ടി മേലുദ്യോഗസ്ഥന്‍ പോകും. ഇവിടെ കണ്ട മൃതദേഹങ്ങളില്‍ പലതും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടേതായിരുന്നു. അതില്‍ ഒന്ന് തന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നതായും പരാതിക്കാരന്‍ പറയുന്നു.

12 നും 15 ഇടയില്‍ പ്രായമുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടേതായിരുന്നു ആ മൃതദേഹം. 2010 ലാണ് സംഭവം. കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നും 500 മീറ്റര്‍ മാറിയായിരുന്നു മൃതദേഹം കിടന്നിരുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടിക്ക് പാവാടയും അടിവസ്ത്രവും ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമത്തിന്റേയും ശ്വാസംമുട്ടിച്ചതിന്റേയും പാടുകള്‍ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു. സമീപത്ത് സ്‌കൂള്‍ബാഗും കണ്ടിരുന്നു.

ഒരു കുഴിയെടുത്ത് ബാഗും മൃതദേഹവും മറവ് ചെയ്യാനായിരുന്നു നിര്‍ദേശിച്ചത്. മറ്റൊരു സംഭവത്തില്‍ 20 വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹവും സംസ്‌കരിച്ചു. പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലായിരുന്നു. ശരീരം പത്രം കൊണ്ട് മൂടിയിരിക്കുകയായിരുന്നു. ആ മൃതദേഹം കത്തിക്കാനാണ് ആവശ്യപ്പെട്ടത്.

ധര്‍മസ്ഥല പ്രദേശത്ത് ഭവനരഹിതരായവരുടേയും യാചകരുടേയും കൊലപാതകങ്ങള്‍ക്കും താന്‍ സാക്ഷിയായിട്ടുണ്ട്. പല മൃതദേഹങ്ങളും കത്തിക്കാനും കുഴിച്ചിടാനും താന്‍ നിര്‍ബന്ധിതനായി. 2014 ല്‍ തന്റെ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മേലുദ്യോഗസ്ഥന് പരിചയമുള്ളയാള്‍ ലൈംഗികമായി ഉപദ്രവിച്ചു. ഇതോടെയാണ് കുടുംബത്തോടൊപ്പം നാട് വിട്ട് ഓടിപ്പോകാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ പേര് വിവരങ്ങള്‍ മറച്ചുവെച്ചും വീടുകള്‍ മാറിയും ജീവിക്കുകയാണ്.

കുറ്റംബോധം കൊണ്ട് നീറിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അടുത്തിടെ ധര്‍മസ്ഥലയില്‍ തിരിച്ചെത്തി പണ്ട് മറവ് ചെയ്ത പല മൃതദേഹങ്ങളും പുറത്തെടുത്ത് ഫോട്ടോ എടുത്തു. അതാണ് ഇപ്പോള്‍ പൊലീസിന് സമര്‍പ്പിച്ചത്. കൊല്ലപ്പെട്ടവര്‍ക്കും തനിക്കും നീതി ലഭിക്കണം. പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണ്, എവിടെയൊക്കെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് കാണിച്ചു നല്‍കാമെന്നും പരാതിയില്‍ പറയുന്നു.

ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചുമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. സമൂഹത്തില്‍ സ്വാധീനമുള്ളവരാണ് ഇവരെല്ലാം. എതിര്‍ക്കുന്നവരെ അവര്‍ ഇല്ലാതാക്കും. കോടതിയില്‍ നിന്ന് തനിക്കും കുടുംബത്തിനും സംരക്ഷണം ലഭിച്ചാല്‍ ഇവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാണ്. സത്യം തെളിയിക്കാനായി എന്ത് പരിശോധനയ്ക്കും വിധേയനാകാമെന്നും ഇദ്ദേഹം പറയുന്നു.

വെളിപ്പെടുത്തലിനു പിന്നാലെ, തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍, കുറ്റാരോപിതരുടെ പേരുകള്‍ വെളിപ്പെടുത്താനും സത്യം പുറത്തുകൊണ്ടു വരാനും സുപ്രീം കോടതി അഭിഭാഷകന്‍ കെ.വി. ധനഞ്ജയ്ക്ക് പരാതിയുടെ പകര്‍പ്പ് സമര്‍പ്പിച്ചതായി പരാതിക്കാരന്‍ പറഞ്ഞു. ധര്‍മസ്ഥല ഭരണകൂടത്തിന്റെ ഐഡി കാര്‍ഡ്, ധര്‍മസ്ഥല-ബെല്‍ത്തങ്ങാടിയില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍ ഐഡി എന്നിവയുടെ പകര്‍പ്പും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *