Advertisement

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു; ഒരു സ്ത്രീ മരിച്ചു, മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂറിന് ശേഷം

കോട്ടയം: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. മകളുടെ ചികിൽസാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭർത്താവും. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ട‌ങ്ങൾക്കിടയിൽനിന്നു ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിൽസയിലാണ്.

ഇന്നു രാവിലെ പതിനൊന്നുമണിയോടെയാണ് പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു ന‌‌ടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്.

തകർന്നുവീണ കെട്ടിടഭാഗം ഉപയോഗിക്കുന്നില്ലായിരുന്നെന്ന് മന്ത്രിമാർ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.

അതിനിടെ കെട്ടിടം തകർന്നുവീണ ഗവ. മെഡിക്കൽ കോളജിൽ ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയാണ്. രക്ഷാപ്രവർത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പ്രതിഷേധിച്ചത്. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ‘‘തെറ്റായ വാർത്തകൾ പരത്താൻ ശ്രമിച്ചു. രക്ഷാപ്രവർത്തനം വൈകിയതിന് കാരണം ഇതാണ്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല. ആരും പ്രശ്നമുണ്ടാക്കാൻ വന്നതല്ല.’’ – ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *