Advertisement

നിലമ്പൂര്‍ ഇന്ന് മനസ്സുതുറക്കും; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍, വഴിക്കടവ് തരും ആദ്യ ട്രെന്‍ഡ്

മലപ്പുറം: കണ്ണുനട്ടുള്ള കാത്തിരിപ്പിന് വിരാമം. ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് ആരെന്ന് ഇന്ന് അറിയാം. രാവിലെ എട്ടുമണിയോടെ ആ രഹസ്യം ഘട്ടംഘട്ടമായി വെളിപ്പെടും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങും. ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.

19 റൗണ്ടായാണ് വോട്ടെണ്ണുക. ഓരോ റൗണ്ടിലും 14 വീതം പോളിങ്ബൂത്തുകള്‍ ഉണ്ടാകും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും.

1,76,070 പേരാണ് വോട്ടുചെയ്തത്. ഇതില്‍ 1403 പോസ്റ്റല്‍വോട്ടുകളാണ്. ഇതാദ്യം എണ്ണും. പിന്നെ സര്‍വീസ് വോട്ടുകള്‍. അതിനുശേഷം ഇവിഎം യന്ത്രത്തിലെ വോട്ടെണ്ണും. വഴിക്കടവ്, മൂത്തേടം, കരുളായി, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അവസാനം അമരമ്പലം പഞ്ചായത്തുമാണ് എണ്ണുക.

പി.വി. അന്‍വറിന്റെ വിജയത്തിനിടയിലും യുഡിഎഫിന് ഭൂരിപക്ഷം നല്‍കുകയും അവര്‍ ഭരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് വഴിക്കടവ്. ആദ്യമെണ്ണുന്നത് ഇവിടത്തെ തണ്ണിക്കടവ് ബൂത്തിലെ വോട്ടാണ്. ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് മുന്നണികളെ ആശയിലും ഒപ്പം ആശങ്കയിലുമാക്കുന്നത്.

അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *