Advertisement

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കും ഫീസ് കുറച്ചു, ചിലത് സൗജന്യമാക്കി

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസുകള്‍ കുറച്ചും സൗജന്യമാക്കിയും സൗദി സെന്‍ട്രല്‍ ബാങ്ക്. എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ് കുറച്ചു. ഇതുവരെ 5,000 റിയാലോ അതില്‍ കുറവോ പണം പിന്‍വലിക്കുന്നതിന് 75 റിയാലാണ് ഫീസ് ആയി ഈടാക്കിയിരുന്നത്. പുതിയ പരിഷ്‌കരണം അനുസരിച്ച് 2,500 റിയാലില്‍ കുറവാണെങ്കില്‍ പിന്‍വലിക്കല്‍ തുകയുടെ മൂന്നു ശതമാനത്തില്‍ കവിയാത്ത തുകയാണ് ഫീസ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളത്. തുക 2,500 റിയാലോ അതില്‍ കൂടുതലോ ആണ് പിന്‍വലിക്കുന്നതെങ്കില്‍ പരമാവധി 75 റിയാല്‍ ഫീസ് ആയി ഈടാക്കാം.

ഇ-വാലറ്റ് റീചാര്‍ജ് ചെയ്യുന്നതിനുള്ള പണം പിന്‍വലിക്കല്‍ ഫീസ് മുമ്പ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല. പുതിയ പരിഷ്‌കാരത്തോടെ ഇത് തീര്‍ത്തും സൗജന്യമാക്കി. അക്കൗണ്ട് സ്റ്റേറ്റ്മെന്റിനും ഇടപാടുകളിലെ തെറ്റുകളില്‍ വിയോജിപ്പ് അറിയിക്കാനും നേരത്തെ 50 റിയാല്‍ ഫീസ് ആയിരുന്നു ബാധകം. ഇത് 25 റിയാലായി കുറച്ചു. എ.ടി.എം വഴിയുള്ള ക്രെഡിറ്റ് കാര്‍ഡ് അന്വേഷണങ്ങള്‍ക്കുള്ള ഫീസ് മൂന്നര റിയാലില്‍ നിന്ന് ഒന്നര റിയാലാക്കി. വില്‍പന പോയിന്റുകളിലും ഇന്റര്‍നെറ്റ് വഴി രാജ്യത്തിനുള്ളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ സൗജന്യമാക്കി. നേരത്തെ ഈ സേവനങ്ങള്‍ക്കുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല.

  

നഷ്ടപ്പെട്ട ക്രെഡിറ്റ് കാര്‍ഡിനും തെറ്റായ പിന്‍ നല്‍കിയതു മൂലം പ്രവര്‍ത്തന രഹിതമായ കാര്‍ഡിനും പകരം പുതിയ കാര്‍ഡ് ഇഷ്യു ചെയ്യാനുള്ള ഫീസ് 15 റിയാലാക്കി. നേരത്തെ ഈ സേവനത്തിനുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല. വൈകിയുള്ള പേയ്മെന്റ് ഫീസ് 100 റിയാലില്‍ നിന്ന് 50 റിയാലാക്കി. അന്താരാഷ്ട്ര പര്‍ച്ചെയ്‌സിംഗ് ഇടപാട് ഫീസ് ഇടപാട് തുകയുടെ രണ്ടു ശതമാനമായി നിര്‍ണയിച്ചു. മുമ്പ് ഇതിനുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല.

കാര്‍ഡിന്റെ ക്രെഡിറ്റ് പരിധിയിലേക്ക് യാതൊരു ഫീസും കൂടാതെ അധിക തുക ഉപഭോക്താക്കള്‍ക്ക് നിക്ഷേപിക്കാമെന്നും അധിക തുക എപ്പോള്‍ വേണമെങ്കിലും യാതൊരു ഫീസും കൂടാതെ തിരിച്ചുപിടിക്കാമെന്നും പുതുക്കിയ നിയമത്തിലുണ്ട്. പൂര്‍ത്തിയായ ഉടന്‍ തന്നെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കണമെന്ന് പുതുക്കിയ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. സുതാര്യത വര്‍ധിപ്പിക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് കരാര്‍ രേഖയില്‍ ഫീസുകളും ചെലവുകളും ആനുകൂല്യങ്ങളും വെളിപ്പെടുത്തുന്ന സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉള്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

ഫീസ്, ചെലവുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയിലെ മാറ്റങ്ങള്‍ വ്യക്തമായി എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കണമെന്നും അറിയിപ്പ് തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് കരാര്‍ അവസാനിപ്പിക്കാനുള്ള അവകാശം ഉപഭോക്താവിന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് അടക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കണമെന്ന് പുതുക്കിയ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ കാലയളവിനുള്ളില്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് കരാര്‍ അവസാനിപ്പിക്കുമ്പോള്‍ ഉപയോഗിച്ച കാലയളവിലെ ഫീസ് കുറച്ച ശേഷം വാര്‍ഷിക ക്രെഡിറ്റ് കാര്‍ഡ് ഫീസ് തിരികെ നല്‍കണമെന്ന് പുതുക്കിയ നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *