Advertisement

ഹജ്ജ് മുടങ്ങിയവരുടെ തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം -ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

കോഴിക്കോട്: ഈ വര്‍ഷത്തെ സ്വകാര്യ ഹജ്ജ് യാത്രികരില്‍ 42,507 പേരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ ഹജ്ജ് സേവനങ്ങള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അക്കൗണ്ടിലേക്ക് അയച്ച തുക തിരികെ നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളത്തിലെ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ അംഗീകൃത കൂട്ടായ്മ ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ ഹജ്ജ് ഏജന്‍സികള്‍ തങ്ങളുടെ സംയുക്ത ഹജ്ജ് ഗ്രൂപ്പ് വഴി ഹാജിമാര്‍ക്ക് ആവശ്യമായ തുക കൃത്യ സമയത്തു തന്നെ ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേകം തയ്യാറാക്കിയ ലിങ്ക് വഴി എസ് ബി ഐ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ 80% പേരുടെ ഹജ്ജ് മുടങ്ങിയ സാഹചര്യത്തില്‍ ഈ തുക തിരികെ ആവശ്യപ്പെട്ട് തീര്‍ത്ഥാടകര്‍ ഹജ്ജ് ഏജന്‍സികളെ സമീപിക്കുന്ന സാഹചര്യമുണ്ട്.

2026 ഹജ്ജിലേക്ക് അവരുടെ സീറ്റുകള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഉറപ്പു വരുത്തിയിട്ടുണ്ടെകിലും കുറഞ്ഞ ആളുകള്‍ തുക തിരികെ ആവശ്യപെടുന്നത് ഏജന്‍സികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനാല്‍ ഈ ഹാജിമാര്‍ക്കായി ഹജ്ജ് കമ്മിറ്റിക്ക് നല്‍കിയ തുക തിരികെ ലഭിക്കുന്ന മുറയ്ക് തിരിച്ചു നല്‍കാമെന്ന് ഏജന്‍സികള്‍ ഉറപ്പു നല്‍കിയിട്ടുമുണ്ട്. അതോടൊപ്പം 2026 ഹജ്ജിലേക്കുള്ള ഒരുക്കങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.

യോഗത്തില്‍ ചേക്കുട്ടി ഹാജി ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. പീര്‍ മുഹമ്മദ് വിഷയാവതരണം നടത്തി. ടി. മുഹമ്മദ് ഹാരിസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പ്രസംഗിച്ചു. അസീസ് വേങ്ങര സ്വാഗതവും ബഷീര്‍ മണ്ണാര്‍ക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *