നിലമ്പൂരില്‍ നാളെ (ജൂണ്‍ 19) നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കണ്ടറി സ്കൂളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ ഏറ്റുവാങ്ങി. നാളെ പുലര്‍ച്ചെ 5.30ന് മോക് പോള്‍ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായി. ഉപതെരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.
ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്കൂളിലെ 42-ാം നമ്പര്‍ ബൂത്ത്, ഇരുട്ടുകുത്തി വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് 120-ാം നമ്പര്‍ ബൂത്ത്, നെടുങ്കയം അമിനിറ്റി സെന്റര്‍ 225-ാം നമ്പര്‍ ബൂത്ത് എന്നിവയാണവ. ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും.
10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പുരുഷ വോട്ടര്‍മാര്‍ -1,13,613. വനിതാ വോട്ടര്‍മാര്‍- 1,18,760, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്, ഇതില്‍ 7787 പേര് പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍-373, സര്‍വീസ് വോട്ടര്‍മാര്‍-324.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. ഒരു കമ്പനി എ.പി ബറ്റാലിയന് സേനാംഗങ്ങള്‍ ഇലക്ഷന് ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂണ്‍ സി.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് പ്ലാറ്റൂണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തിലേക്കാക്കായി കൗണ്ടിംഗ് സ്റ്റേഷനായ ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 14 ഇവിഎം കൗണ്ടിംഗ് ടേബിളുകളും 5 പോസ്റ്റല്‍ ബാലറ്റ്/സര്‍വീസ് വോട്ട് കൗണ്ടിങ് ടേബിളുകളും സജ്ജീകരിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ 21 വീതം കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സ്റ്റാഫുകളും ഏഴ് എ ആര് ഒ മാരും ഉള്‍പ്പെടെ 91 കൗണ്ടിംഗ് സ്റ്റാഫുകളെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി എട്ടുപേര്‍ വീതമുള്ള 32 ഉദ്യോഗസ്ഥരേയും നിയോഗിച്ചു.
Leave a Reply