Advertisement

‘വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തു, മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തും’, മുന്നറിയിപ്പുമായി ഇസ്രയേൽ

ടെൽ അവീവ്: ടെഹ്റാന്റെ വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ട് ഇസ്രയേൽ. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രയേൽ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.

അതേസമയം ഇസ്രായേൽ സഖ്യകക്ഷികളുടെ കപ്പലുകളും താവളങ്ങളും ആക്രമിച്ച് യുദ്ധം വ്യാപിപ്പിക്കുമെന്ന നിലപാട് തുടരുകയാണ് ഇറാൻ. മിഡിൽ ഈസ്റ്റിലെ സംഘ‍ർഷാവസ്ഥ നാടകീയ തലങ്ങളിലേക്ക് ഉയർത്തുന്നതാണ് നിലവിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വെല്ലുവിളി. അമേരിക്ക ഇറാൻ ചർച്ചകൾ അ‍ർത്ഥ ശൂന്യമാണെന്ന് ഇറാനും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ ഇന്ധന മേഖലയെ ഇസ്രയേൽ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ചാണ് ഒമാനിൽ വച്ച് നടക്കാനിരുന്ന ചർച്ച ഉപേക്ഷിച്ചത്.

ഇറാന്റെ സുപ്രധാന നേതാവിനേയും ആണവ വിദഗ്ധരേയും കൊലപ്പെടുത്തിയതിന് പിന്നാലെ സംഘ‍ർഷത്തിൽ മേൽക്കെ നേടിയതായാണ് ഇസ്രയേൽ നീരീക്ഷണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതികൾക്ക് പുറമേ ഇസ്രയേൽ മറ്റ് മേഖല ലക്ഷ്യമിടുമോയെന്നതിലും ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഇനിയൊരു മിസൈൽ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഭീഷണി മുന്നോട്ട് വച്ചിട്ടുള്ളത് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണെന്നതാണ് ശ്രദ്ധേയമായ വസ്തുത. വെള്ളിയാഴ്ച രാവിലെ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈൽ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇത്.

ടെൽ അവീവിലും റിഷോൺ ലെസിയോണിലും നടന്ന ഇറാൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങൾക്കും നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.

ടെഹ്റാന്റെ വിധിക്ക് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയാണ് ഉത്തരവാദിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി വിശദമാക്കുന്നത്. ഇസ്രയേൽ കാറ്റ്സിന്റെ നേതൃത്വത്തിലുള്ള ഇസ്രയേൽ സൈന്യമാണ് ഗാസയിൽ വലിയ രീതിയിലുള്ള നാശ നഷ്ടം വരുത്തി വച്ചതും.

Leave a Reply

Your email address will not be published. Required fields are marked *