Advertisement

ഇറാൻ-ഇസ്രയേൽ സംഘർഷം കടുക്കുന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സംഘർഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെടും

ദില്ലി: ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിലെ കടുത്ത ആശങ്കയിൽ ഇന്ത്യ. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളിൽ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നൽകി.

വലിയ യുദ്ധമായി ഇസ്രയേൽ – ഇറാൻ സംഘർഷം മാറുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഇറാൻ വ്യോമമേഖല അടച്ചതു പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി സയിദ് അബ്ബാസ് അരാഗ്ച്ചിയോടും ഇക്കാര്യമാണ് പറഞ്ഞത്. സുഹൃദ് രാജ്യങ്ങൾ എന്ന നിലയ്ക്ക് ചർച്ചകൾക്കുള്ള പിന്തുണ നൽകാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചു.

ജി ഏഴ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നാളെ യാത്ര തിരിക്കും. ഉച്ചകോടിയിലും കൂടുതൽ ചർച്ച പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചാകും. ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെ മോദി കാണാനിടയുണ്ട്. ഇസ്രയേൽ – ഇറാൻ സംഘർഷം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യയുടെ കൂടെ നിന്ന ഇസ്രയേലിനെ പിണക്കാതെയും ഇറാനെ തള്ളാതെയും നിൽക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യയ്ക്കുള്ളത്. ഇസ്രയേലിന്‍റെ നടപടി ഇന്ത്യ അപലപിക്കണമെന്ന് ഇന്നലെ സി പി എം ആവശ്യപ്പെട്ടിരുന്നു. ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ഇന്ത്യ കൈയ്യടിക്കുന്നതെങ്ങനെയെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധി ചോദിച്ചു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട യു എൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവും പ്രിയങ്ക ഗാന്ധി നടത്തി. സർക്കാർ നിലപാട് ലജ്ജാകരവും നിരാശാജനകവും എന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒരു ജനത മുഴുവൻ തടവിലാക്കപ്പെടുകയും പട്ടിണിയിൽ ആവുകയും ചെയ്തിട്ടും സർക്കാർ ഒരു നിലപാട് സ്വീകരിക്കുന്നില്ല. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നിശബ്ദത പാലിക്കുന്നുവെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *