അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോര്‍ട്ട്. ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി പത്തനംതിട്ട പുല്ലാട് സ്വദേശിയായ നഴ്‌സ് രഞ്ജിതയും ഉള്‍പ്പെടും. വിമാനം വീണ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഏതാനും വിദ്യാര്‍ഥികളും മരിച്ചതായി സൂചനയുണ്ട്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
വിമാനത്തില്‍ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശ പൗരന്മാരാണ്. 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും 7 പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുണ്ടായിരുന്നു.
Leave a Reply