Advertisement

കെനിയ വാഹനാപകടം; രണ്ട് കുട്ടികള്‍ അടക്കം 5 മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ ഒരുവയസുള്ള കുഞ്ഞും

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ച്  പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു.

പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

രണ്ട് സ്ത്രീയും രണ്ട് കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തൃശ്ശൂര്‍ സ്വദേശി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (1), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക്, പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആനും (41) മകള്‍ ടൈറ റോഡ്വിഗസും (7) ആണ് മരിച്ച മലയാളികള്‍. അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.

ജോയലിന്റെയും ട്രാവസിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം ലഭിച്ചതെന്ന് മണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്വാമിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മൂന്ന് ദിവസത്തിനകം മൃദദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.കോയമ്പത്തൂർ സ്വദേശിയായ ജോയലിന്റെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനാപകടം സംബന്ധിച്ച് നോർക്ക സെക്രട്ടറി കെനിയ ഹൈക്കമ്മിഷണർക്ക് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *