Advertisement

മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാര്‍ പിടിയില്‍

ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് മക്കയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 36 വിസിറ്റ് വിസക്കാരെ ഹജ് സുരക്ഷാ സേന പിടികൂടി. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

ഹജ് പെര്‍മിറ്റില്ലാത്ത 205 പേരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 15 വിദേശികളെയും 35 സൗദി പൗരന്മാരെയും ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം ശിക്ഷിച്ചതായി മന്ത്രാലയം അറിയിച്ചു. തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ഇവര്‍ക്ക് വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്താനും പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പത്തു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനും വിധിയുണ്ട്. നിയമ ലംഘകരെ കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിയമ നടപടികള്‍ സ്വീകരിക്കും. തസ്‌രീഹ് ഇല്ലാതെ ഹജ് നിര്‍വഹിക്കാന്‍ ശ്രമിച്ച് കുടുങ്ങിയ വിദേശികള്‍ക്ക് 20,000 റിയാല്‍ വരെ തോതില്‍ പിഴ ചുമത്തി.

 മറ്റൊരു സംഭവത്തില്‍, ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച് വ്യാജ ഹജ് സര്‍വീസ് സ്ഥാപനം നടത്തിയ ഏഷ്യന്‍ വംശജനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇയാള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *