പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സും ആത്മീയ തേജസ്സാര്‍ന്ന ശരീരവുമായി ലക്ഷക്കണക്കിന് ലോക മുസ്ലിം ജനത അറഫയില്‍ ഒത്തുചേരുമ്പോള്‍ ആ മഹാസംഗമത്തിലെ ഖുതുബ 35 ലോക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നവരിലൊരാള്‍ മലയാളി. മലപ്പുറം ജില്ലയിലെ പുളിക്കല്‍ അരൂര്‍ സ്വദേശി. സജീല്‍ മുഹയുദ്ദീൻ അല്‍മക്കി. മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററാണ് സജീല്‍. ലോക രാജ്യങ്ങളില്‍ നിന്ന് അംഗങ്ങളുള്ള ഈ പ്രൊജക്ടിലെ ഏക മലയാളി സാന്നിധ്യമാണീ യുവാവ്. മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുന്നോടിയായി ഖുതുബ നടക്കുമ്പോള്‍ അത് മലയാളത്തിലേക്ക് മൊഴിമാറ്റുന്നതും സജീല്‍ തന്നെ. ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ.സാലിഹ് ബിന്‍ അബ്ദുല്ല അല്‍ഹുമൈദ് ഇക്കുറി അറഫ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ ലോകത്തെ ഏത് കോണിലിരുന്നും മലയാളികള്‍ക്ക് അവരുടെ ഭാഷയില്‍ കേള്‍ക്കാന്‍ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സാധ്യമാവും.
” അല്ലാഹുവിനെ സ്തുതിക്കുന്നു. അല്‍ഹംദുലില്ലാഹ്. മകന്‍ ഇത്തരം ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ട്. അല്‍യാസ്മിന്‍ സ്‌കൂളില്‍ ടോപ് മാര്‍ക്കായിരുന്നു മകന്. എഞ്ചിനീയറോ ഡോക്ടറോ ആവണോ എന്ന് മകനോട് ചോദിച്ചപ്പോള്‍ അവന്‍ തെരെഞ്ഞെടുത്തതാണ് ഈ വഴി. അത് ദൈവാനുഗ്രഹത്താല്‍ ഈ നിലയിലെത്തിച്ചുവെന്ന് പറയാം. എന്റെ ഉപ്പയുടെ പ്രാര്‍ത്ഥനയാണ് ഇത്തരത്തിലേക്കെത്താന്‍ കാരണമായതെന്നും ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു. മലയാളത്തില്‍ പീസ് റേഡിയോ ആപ്പിലൂടേയും കേള്‍ക്കാനുള്ള സൗകര്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക്: https://peaceradio.com/ സന്ദര്‍ശിക്കാവുന്നതാണ്.” പിതാവ് മുഹ് യുദ്ധീന്‍ പറഞ്ഞു. റിയാദ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠന ശേഷം മസ്ജിദുല്‍ ഹറം കോളെജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ സജീല്‍ മസ്ജിദുല്‍ ഹറമില്‍ ട്രാന്‍സലേറ്ററായി ജോലി നോക്കുകയാണ്. ഡോ.സമീഹ, എഞ്ചിനീയറായ സരീഹ, വിദ്യാര്‍ത്ഥികളായ മുആദ്, മുഅവ്വദ് എന്നിവരാണ് സഹോദരങ്ങള്‍. പങ്കാളി ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഫാത്തിമത്തുല്‍ ജന്നയോടൊപ്പം വിശുദ്ധ മക്കയില്‍ തന്നെയാണ് സജീലിന്റെ താമസം.
Leave a Reply