മക്ക: ഹാജിമാർ മിനായിൽ. 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുക. ഹജ്ജിന്റെ ആദ്യ ദിനം തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ഹജ്ജ് മാസം ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരം അണിഞ്ഞൊരുങ്ങി.
25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. ഇത്തവണ മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിന് സമാനമാണ് സൗകര്യങ്ങൾ. കിദാന കമ്പനി നിർമിച്ച ടവറിൽ 30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയും.
തമ്പുകളും കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതലാണ് മിനായിലെ തമ്പുകളിലേക്ക് തീർഥാടകർ എത്തി തുടങ്ങിയത്. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിവസം രാപ്പാർത്ത ശേഷം തീർഥാടകർ അറഫ മൈതാനിയിലേക്ക് നീങ്ങും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.
Leave a Reply