Advertisement

ഹജ് പെര്‍മിറ്റില്ലാത്ത മൂന്നു ലക്ഷത്തോളം വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു

ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ 1,09,000 വാഹനങ്ങളും തിരിച്ചയച്ചു. ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 1,200 ലേറെ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖാമ നിയമ ലംഘകരായ മുക്കാല്‍ ലക്ഷത്തിലേറെ പേര്‍ പിടിയിലായി. ഇവര്‍ക്ക് 20,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തി. നിയമ ലംഘകര്‍ക്ക് ആതിഥേയത്വം നല്‍കിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

 

ഹജ് സീസണിനുള്ള മുഴുവന്‍ തയാറെടുപ്പുകളും സുരക്ഷാ വകുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ സുരക്ഷിതവും സുഗമവുമായ ഹജ് ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മാനുഷികവും ഭൗതികവുമായ സര്‍വ ശേഷികളും സൗദി അറേബ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകള്‍ ഒരുക്കിയിട്ടുമുണ്ട്. റോഡുകളിലും പുണ്യസ്ഥലങ്ങളിലും തിരക്ക് കുറക്കാനും സുരക്ഷിതമായ ശേഷി നിലനിര്‍ത്താനുമായി എല്ലാ സ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷ തടസ്സപ്പെടുത്താനോ നിയന്ത്രണങ്ങള്‍ ലംഘിക്കാനോ ധൈര്യപ്പെടുന്ന എല്ലാവരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന കാര്യക്ഷമത കൈവരിക്കാന്‍ കഴിഞ്ഞ ഹജ് സീസണുകളിലെ അനുഭവങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ ഹജ് സുരക്ഷാ പദ്ധതികള്‍ തയ്യാറാക്കിയത്. നിയമലംഘകരെ കണ്ടെത്താന്‍ പുതിയ നിരീക്ഷണ സംവിധാനം ഇത്തവണ ആദ്യമായി ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘകരെ പിടികൂടാന്‍ ഡാറ്റാ അനലിസിസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങള്‍, ഡ്രോണ്‍ സാങ്കേതികവിദ്യ, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഉള്‍പ്പെടെ ഹജ് സംവിധാനത്തിലെ എല്ലാ പങ്കാളികളുമായും ശക്തമായ ഏകോപനവും വിശാലമായ സംയോജനവും നിലനില്‍ക്കുന്നുണ്ട്.

ജനക്കൂട്ടത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കാനും തിരക്ക് കുറക്കാനും സുരക്ഷിത ശേഷി കൈവരിക്കാനുമായി നിരവധി മോക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ട്. കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ വികസിപ്പിച്ച് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയും വിപുലമായ സ്മാര്‍ട്ട് സിസ്റ്റം നിയന്ത്രിക്കുന്നതുമായ സമഗ്ര ഹജ് ഓപ്പറേഷന്‍സ് സെന്ററാക്കി മാറ്റിയിട്ടുണ്ടെന്നും ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *