Advertisement

ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ അവസാന സംഘവും മക്കയിലെത്തി

ജിദ്ദ- ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മക്കയിലെത്തി.
കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 315 ഓളം ഹാജിമാർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് വഴി മക്കയിലേക്ക് തിരിച്ചതോടു കൂടി ഈ വർഷത്തേക്കുള്ള മുഴുവൻ ഇന്ത്യൻ ഹാജിമാരും മക്കയിലെത്തിയതായി ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടു കൂടി 76230 ഹാജിമാരാണ് ഇന്ത്യൻ ഹജ്ജ് മിഷൻ മുഖാന്തിരം ജിദ്ദ എയർപോർട്ട് വഴി മക്കയിലേക്ക് എത്തിയത്.ജിദ്ദയിലെ ഇരു ടെർമിനലുകളുമായി വന്നിറങ്ങിയ മുഴുവൻ ഹാജിമാർക്കും ഊഷ്മളമായ വരവേൽപ്പാണ് ജിദ്ദയിലെ വിവിധ സംഘടനാ വളണ്ടിയേഴ്‌സും ഉദ്യോഗസ്ഥരും കൂടി നൽകിയത്. മെയ് 10 ന് ജിദ്ദ വിമാനത്തതാവളം വഴി വന്നിറങ്ങാൻ തുടങ്ങിയ ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് വേണ്ടി നൂറിലേറെ വളണ്ടിയര്മാരെയാണ് ഈ വർഷം ജിദ്ദ കെ.എം.സി.സി ഹജ് സെൽ നിയോഗിച്ചത്. കെ.എം.സി.സി വളണ്ടിയർമാർ ഏർപ്പാടാക്കിയ ചായയും ഈത്തപ്പഴവും മറ്റ് ലഘു പലഹാരങ്ങളും ഹാജിമാർക്ക് വളരെ ആശ്വാസകരമായി. ആദ്യമായി വിദേശ യാത്ര നടത്തുന്ന പ്രായമായ ഹാജിമാർക്ക് വനിതകളുൾപ്പെടെയുള്ള വളണ്ടിയർമാരുടെ സേവനം ഏറെ ഉപകാരപ്രദമായിരുന്നു. വിമാനത്താവളങ്ങളിലെ സേവനങ്ങൾക്ക് ജിദ്ദ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി പി മുസ്തഫ, സിറാജ് കണ്ണവം, ശിഹാബ് താമരക്കുളം, നൗഫൽ റഹീലി, മൂസ പട്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *