Advertisement

മുസാനിദ് പ്ലാറ്റ്‌ഫോം: ഗാർഹിക തൊഴിലാളികളുടെ സി.വി അപ്‌ലോഡ് സേവനം ആരംഭിച്ചു

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം മുസാനിദ് പ്ലാറ്റ്ഫോം വഴി ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കായി സി.വി അപ്ലോഡ് സേവനം ആരംഭിച്ചു. തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറ്റം ചെയ്യുമ്പോള്‍ സി.വികള്‍ പരിശോധിച്ച് തങ്ങള്‍ക്ക് അനുയോജ്യരായ തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ പുതിയ സേവനം തൊഴിലുടമകള്‍ക്ക് അവസരമൊരുക്കും. രാജ്യത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.

സി.വി അടിസ്ഥാനമാക്കി തൊഴിലാളികളെ തെരഞ്ഞെടുക്കാനും ലളിതവും സൗകര്യപ്രദവുമായ രീതിയില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷിക്കാനുമുള്ള നൂതന മാതൃകയാണ് പുതിയ സേവനം. ഇത് പൂര്‍ണമായും ഓട്ടോമേറ്റഡ് ആണ്. വിദേശങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതിനു പകരം സൗദി അറേബ്യക്കുള്ളിലുള്ള ഗാര്‍ഹിക തൊഴിലാളികളെ തൊഴിലുടമകള്‍ക്ക് ലഭ്യമാക്കാന്‍ പുതിയ സേവനം സഹായിക്കുന്നു.

നിലവിലെ തൊഴിലുടമയുമായുള്ള കരാര്‍ ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ സി.വികള്‍ അപ്ലോഡ് ചെയ്യാന്‍ മുസാനിദ് പ്ലാറ്റ്‌ഫോം അനുവദിക്കുന്നു. തൊഴിലിന്റെയും നേടിയെടുത്ത പരിചയസമ്പത്തിന്റെയും വിശദമായ വിവരണം സി.വിയില്‍ അടങ്ങിയിരിക്കും. ഇത് സി.വികള്‍ ഉപയോഗിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് യോജിച്ച തൊഴിലാളികളെ അന്വേഷിച്ച് കണ്ടെത്താന്‍ തൊഴിലുടുകള്‍ക്ക് ഒന്നിലധികം ഓപ്ഷനുകള്‍ നല്‍കുന്നു. ഈ നടപടിക്രമം തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
റിക്രൂട്ട്മെന്റ് മേഖല വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുമായി പുതിയ സേവനം ഒത്തുപോകുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വേതന സുരക്ഷാ പദ്ധതി, തൊഴില്‍ കരാര്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാം, തൊഴില്‍ കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഇരു കക്ഷികളുടെയും ബാധ്യതകള്‍ നിര്‍വചിക്കുകയും ചെയ്യുന്ന ഏകീകൃത റിക്രൂട്ട്‌മെന്റ് കരാര്‍ പ്രോഗ്രാം എന്നിവ അടക്കം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത കാലത്ത് നിരവധി പ്രോഗ്രാമുകള്‍ ആരംഭിച്ചിരുന്നു.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും സി.വികള്‍ പരിശോധിക്കാനും കരാര്‍ ഒപ്പുവെക്കാനുമുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമാണ് മുസാനിദ് പ്ലാറ്റ്ഫോം. റിക്രൂട്ട്‌മെന്റ് പ്രക്രിയ മെച്ചപ്പെടുത്താനും സുഗമമാക്കാനും കക്ഷികള്‍ക്കിടയില്‍ ഉണ്ടാകാവുന്ന പരാതികളും തര്‍ക്കങ്ങളും പരിഹരിക്കാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും പ്ലാറ്റ്ഫോം സേവനങ്ങള്‍ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *