Advertisement

അടുക്കളപ്പണി ചെയ്യും, നിലംതുടയ്ക്കും, ടെസ്‌ലയുടെ ഏറ്റവും പ്രധാന ഉത്പന്നം

കമ്പനിയുടെ ഏറ്റവും പ്രധാന ഉത്പന്നം എന്ന വിശേഷണത്തോടെ പുതിയ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ഹ്യൂമനോയിഡ് റോബോട്ട് ആയ ഒപ്റ്റിമസിന്റെ ഒരു വീഡിയോ ആണ് ശതകോടീശ്വരന്‍ X-ല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ട് ദൈനംദിന ജോലികള്‍ ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. മനുഷ്യനെപ്പോലുള്ള കൃത്യതയോടെ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ഇതിന് കഴിയുമെന്നാണ് അവകാശവാദം.

പാചകംചെയ്യുന്നതിനിടെ പാത്രത്തിലെ ഭക്ഷ്യവസ്തുക്കള്‍ ഇളക്കുക, വാക്വം ചെയ്യുക, മേശ വൃത്തിയാക്കുക എന്നിവ പോലുള്ള വിവിധ ജോലികളില്‍ ഒപ്റ്റിമസ് ഏര്‍പ്പെടുന്നത് വീഡിയോയില്‍ കാണാം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് അവകാശവാദം.

ഇതുവരെ നിര്‍മ്മിച്ച ഏതൊരു ഉത്പന്നത്തെക്കാളും ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും ഒപ്റ്റിമസ് എന്ന് ഇലോണ്‍ മസ്‌ക് മുമ്പ് അവകാശപ്പെട്ടിരുന്നു. ഇത് ഗാര്‍ഹിക ജോലികളിലും കഠിനാധ്വാനം ആവശ്യമുള്ള ജോലികളിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഒപ്റ്റിമസ് മനുഷ്യരെപ്പോലെ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകള്‍ അടുത്തിടെ മസ്‌ക് പങ്കുവെച്ചിരുന്നു. ചലനത്തിലും ബാലന്‍സിലുമുള്ള അതിന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു അത്. ഇത് യഥാര്‍ഥത്തിലുള്ള തത്സമയം വീഡിയോ തന്നെയാണെന്ന് അന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *