Advertisement

ട്രംപിന്റെ ഗൾഫ് സന്ദർശനം: മൂന്നര ട്രില്യൺ ഡോളറിന്‍റെ കരാറുകൾ

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ ഒപ്പുവച്ചത് മൂന്നര ട്രില്യണിലധികം ഡോളറിന്‍റെ കരാറുകളും നിക്ഷേപങ്ങളും. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിലൂടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുകള്‍ പ്രഖ്യാപിച്ചത്. സിറിയയ്ക്ക് എതിരായ ഉപരോധം ഒഴിവാക്കുന്നതടക്കം നയതന്ത്ര പ്രഖ്യാപനങ്ങള്‍ക്കും സന്ദര്‍ശനം ഇടയാക്കി.

യുദ്ധമല്ല പകരം കച്ചവടമാണ് വേണ്ടത്.  ഡോണള്‍ഡ് ട്രംപിന്‍റെ നയം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയായിരുന്നു ഗള്‍ഫില്‍. ബൈഡന്‍റെ കാലത്ത് നയതന്ത്രത്തിലും വ്യാപാരത്തിലും ചൈനയ്ക്കുണ്ടായിരുന്ന മുന്‍തൂക്കം യുഎസ് തിരികെപ്പിടിക്കുന്നു. സൗദിയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ട്രംപിന്‍റെ സൗഹൃദത്തിലൂടെ യാഥാര്‍ഥ്യമായത് 600 ബില്യണ്‍ ഡോളറിന്‍റെ കരാറുകള്‍. 142 ബില്യണ്‍ ഡോളറിന്‍റെ പ്രതിരോധ ആയുധ കരാറും ഒപ്പുവച്ചു.

ഹമാസിന്‍റെ പേരില്‍ ഖത്തറുമായുണ്ടായിരുന്ന പൊരുത്തക്കേടുകളൊക്കെ മാറ്റിവച്ച് ഭരണാധികാരി തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഒപ്പുവച്ചത് 1.2 ട്രില്യണ്‍ ഡോളറിന്‍റെ കരാറുകള്‍.

യുഎഇയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഒപ്പുവച്ചത് 10 വര്‍ഷത്തേക്ക് 1.4 ട്രില്യണ്‍ ഡോളറിന്‍റെ കരാറുകള്‍. പ്രതികരോധം, നിര്‍മിത ബുദ്ധി അടക്കം സാങ്കേതികവിദ്യ തുടങ്ങി വിവിധമേഖലകളിലാണ് സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചത്. ട്രംപിന്‍റെ സന്ദര്‍ശനത്തിലെ ഏറ്റവും വലിയ നയതന്ത്രവിജയം ഗള്‍ഫിന് പുറത്തുള്ള സിറിയക്കാണ് അവകാശപ്പെടാനാവുക. ഒരുകാലത്ത് ഭീകരനെന്ന് മുദ്രകുത്തപ്പെട്ട ഇപ്പോഴത്തെ പ്രസിഡന്റ് അൽ ഷരായുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ മധ്യസ്ഥതയില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത് ചരിത്രസംഭവമായി.

സിറിയക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു. ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുക, ഭീകരരെ പുറത്താക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ട്രംപ് സിറിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സൗദിയും ഇറാനും ചൈനയുടെ മധ്യസ്ഥതയില്‍ ബന്ധം പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലും ഇറാന് സൗദി മണ്ണില്‍വച്ച് മുന്നറിയിപ്പ് നല്‍കാന്‍ ട്രംപ് തയാറായെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *