Advertisement

സിറിയക്കെതിരായ ഉപരോധം നീക്കി ട്രംപ്: ഇറാനും ഇസ്രയേലും ഉത്കണ്ഠയിൽ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചത് ചൊവ്വാഴ്ചയാണ്. പിറ്റേന്ന് അദ്ദേഹം സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരയുമായി കൂടിക്കാഴ്ച നടത്തി. 25 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമാണ് ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ നേരില്‍ കാണുന്നത്.

രണ്ടായിരാമാണ്ടിലാണ് ഇതിന് മുമ്പ്‌ അന്നത്തെ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദും അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും തമ്മിലുള്ള ഉച്ചകോടി നടന്നത്‌. 54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ച അട്ടിമറിച്ച വിമതസേനയെ നയിച്ച അബൂ മുഹമ്മദ് അല്‍ ജുലാനി എന്ന അല്‍ ഷാര ഇടക്കാല പ്രസിഡന്റായി, അമേരിക്ക ഭീകരവാദിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ വിമതസേന രാജ്യം പിടിച്ചപ്പോള്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ പതിമൂന്നു വര്‍ഷത്തെ ആഭ്യന്തരയുദ്ധം കാരണം തകര്‍ന്നു തരിപ്പണമായ സിറിയയുടെ പുനര്‍നിര്‍മാണത്തിന് വഴി തെളിയുകയാണ്. മാത്രമല്ല, മധ്യപൂര്‍വേഷ്യയിലെ ശാക്തിക ബലാബലത്തെ ഇത് മാറ്റിമറിക്കുകയും ചെയ്യും. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ശക്തികളായ ഇറാനും ഇസ്രയേലും അമേരിക്കന്‍ തീരുമാനത്തില്‍ അസന്തുഷ്ടരാണ്.

മേഖലയിലെ മറ്റൊരു പ്രബലശക്തിയായ തുര്‍ക്കിക്കും ഇത് ശുഭവാര്‍ത്തയല്ല. സൗദി അറേബ്യയ്ക്ക് മേഖലയില്‍ ഉണ്ടായ മുന്‍തൂക്കമാണ് കാരണം. സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപരോധം നീക്കിയതെന്ന് വ്യക്തമാക്കിയിരുന്നു.

മുസ്ലിം ലോകത്തിന്റെ നായകത്വത്തിനു വേണ്ടിയുള്ള ത്രികോണപ്പോരാട്ടത്തില്‍ ഏറെ മുന്നിലാണ് സൗദിയുടെ ഈ സ്ഥാനക്കയറ്റം. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പാരമ്പര്യമുള്ള തങ്ങള്‍ക്കാണ് മുസ്ലിം രാജ്യങ്ങളെ നയിക്കാന്‍ അവകാശമെന്ന രീതിയിലാണ് സമീപകാലത്ത് തുര്‍ക്കി ഇടപെടുന്നത്.

ഇന്ത്യയുമായി ഏതെങ്കിലും തരത്തിലുള്ള അതിര്‍ത്തി തര്‍ക്കമോ ശത്രുതയോ ഒന്നുമില്ലെങ്കിലും പരസ്യമായ ഇന്ത്യാവിരുദ്ധ നിലപാടുകളാണ് അവര്‍ ഈയിടെയായി സ്വീകരിക്കുന്നത്. ഉപരോധം നീക്കുന്നതു സംബന്ധിച്ച് തുര്‍ക്കിയും സൗദിയുമായി ട്രംപ് സംസാരിച്ചിരുന്നു. സൗദിയാകട്ടെ, അമേരിക്കയുമായി 142 ബില്യന്‍ ഡോളറിന്റെ ആയുധം വാങ്ങാനും 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താനുമുള്ള കരാറുകള്‍ ഒപ്പുവെച്ച ശേഷമാണ് ഉപരോധം നീക്കിയത്. ഇറാനും തുര്‍ക്കിയുമൊന്നും ചിന്തിക്കാത്ത തുകയുടെ നിക്ഷേപം.

എന്തായാലും ഉപരോധം നീക്കാനുള്ള യു.എസ് തീരുമാനം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ വന്‍വിജയമാണ്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി അവര്‍ മാറിയിരിക്കുന്നു. ദീര്‍ഘകാലമായി ഇറാന്റെ പ്രാദേശിക വന്‍ശക്തി മോഹങ്ങള്‍ക്ക് തടയിടാന്‍ ശ്രമിച്ചിരുന്ന സൗദിക്ക് ഇനി സിറിയയെ ഇറാന്റെ ഭ്രമണപഥത്തില്‍ നിന്നും അടര്‍ത്തിമാറ്റി തങ്ങളിലേക്ക് അടുപ്പിക്കാന്‍ സാഹചര്യമൊരുങ്ങും.

സിറിയയുടെ പുനര്‍നിര്‍മാണത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയും, പ്രത്യേകിച്ച് ഊര്‍ജ്ജ അടിസ്ഥാന സൗകര്യഘടന മേഖലകളില്‍. അതായത്, ഇറാന്‍ നയിക്കുന്ന പ്രതിരോധ അച്ചുതണ്ടിലെ പ്രധാനികളില്‍ ഒരാളായിരുന്ന സിറിയയെ അമേരിക്ക- ഗള്‍ഫ് സഖ്യത്തിന്റെയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയുടെയും ഭാഗമാക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *