Advertisement

ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ട്രംപ്; ഇന്ത്യ-പാക് സ്ഥിരീകരണം

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണ്ണവും ഉടനടിയുമുള്ള വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം, ഇന്ത്യയും പാകിസ്താനും പൂര്‍ണ്ണവും ഉടനടിയുള്ളതുമായ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.’ ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പൂര്‍ണമായും ഉടനടി വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ധാരണയായതായി സന്തോഷത്തോടെ അറിയിക്കുന്നു. സാമാന്യബോധവും വിവേകവും ഉപയോഗിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദങ്ങളും നന്ദിയും. ട്രംപ് അറിയിച്ചു.

വെടിനിര്‍ത്തല്‍ ഇന്ന് അഞ്ചുമണിയോടെ നിലവില്‍ വന്നതായി ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് പാകിസ്താനും സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ഭാവിയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനവും രാജ്യത്തിനെതിരായ യുദ്ധമായി കണ്ട് നടപടികളെടുക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ സംബന്ധിച്ചും തുടര്‍നടപടികളും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ ഇരുരാജ്യങ്ങളിലെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. മാര്‍ക് റൂബിയോയും ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചതായി എക്‌സിലൂടെ വ്യക്തമാക്കി. ‘പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദി, ഷെഹ്ബാസ് ഷെരീഫ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍, പാക് കരസേനാ മേധാവി അസിം മുനീര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവല്‍, അസിം മാലിക് എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഇന്ത്യന്‍, പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി വാന്‍സും ഞാനും ചര്‍ച്ച നടത്തി.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അടിയന്തര വെടിനിര്‍ത്തലിനും ഒരു നിഷ്പക്ഷ സ്ഥലത്ത് വിശാലമായ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും സമ്മതിച്ചതായി അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമന്ത്രിമാരായ മോദിയുടെയും ഷെരീഫിന്റെയും ജ്ഞാനം, വിവേകം, രാഷ്ട്രതന്ത്രജ്ഞത എന്നിവയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’ മാര്‍ക് റൂബിയോ എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *