ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിലെത്തിച്ചേർന്നു. ഇതുവരെ 32 വിമാനങ്ങളിലായി 7000-ൽ അധികം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരും ഇന്നലെ പ്രവാചക പള്ളിയിൽ നടന്ന ജുമുഅ നമസ്‌കാരത്തിൽ പങ്കെടുത്തു. പുലർച്ചെ മുതൽ തന്നെ തീർഥാടകർ ഹറം പള്ളിയിൽ ജുമുഅയിലും പ്രാർത്ഥനകളിലും പങ്കുചേരാനായി എത്തിയിരുന്നു. മദീനയിൽ എത്തുന്ന തീർഥാടകർ പ്രവാചക നഗരിയിലെ പ്രധാന ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. എട്ട് ദിവസത്തെ മദീന സന്ദർശനത്തിന് ശേഷം ഇവർ മക്കയിലേക്ക് യാത്ര തിരിക്കും.
പ്രൈവറ്റ് ഗ്രൂപ്പുകളിൽ ഹജ്ജിന് എത്തുന്ന മലയാളി തീർഥാടകർ ഇന്ന് അർദ്ധരാത്രി മുതൽ മക്കയിൽ എത്തിത്തുടങ്ങും. മക്കയിൽ സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അധികൃതർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലേബർ ക്യാമ്പുകൾ, ഫ്‌ലാറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായ പരിശോധന നടക്കുന്നു. ജുമുഅ ദിവസമായ ഇന്നലെ പരിശോധന കൂടുതൽ ശക്തമാക്കി. ശരിയായ രേഖകളില്ലാത്ത നിരവധി പേരെ അറസ്റ്റ് ചെയ്തു. കൂടാതെ ഹജ്ജ് പെർമിറ്റ് നേടാത്തവരിൽ കമ്പനി രേഖകൾ കാണിച്ച പലർക്കും താക്കീത് നൽകി വിട്ടയച്ചു. പെർമിറ്റ് ലഭിക്കുന്നത് വരെ പുറത്തിറങ്ങരുതെന്ന് തീർഥാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Leave a Reply