Advertisement

സൗദിയിൽ വി.എഫ്.എസ് സേവനങ്ങൾ ജൂൺ 30 വരെ മാത്രം, വിസ സേവനങ്ങള്‍ക്ക് പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സി

ജിദ്ദ: ഇന്ത്യന്‍ എംബസി / കോണ്‍സുലേറ്റ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്ന പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങളുടെ പുതിയ കരാര്‍ അലങ്കിത് അസൈന്‍സ്‌മെന്റ്‌സ് എന്ന ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിക്ക് ലഭിച്ചു. റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ നടന്ന ഓപ്പണ്‍ ടെണ്ടറില്‍ ഏറ്റവും കുറവ് തുക (എല്‍. വണ്‍ ബിഡ്ഡര്‍) അവതരിപ്പിച്ച അലങ്കിത് അസൈന്‍മെന്റ്‌സ് ലിമിറ്റഡിനാണ് പുതിയ കരാര്‍ ലഭിച്ചത്. ഇതോടെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വിസ (വിവിധ രാജ്യങ്ങളിലേക്കുള്‍പ്പെടെ) സേവനങ്ങളുടെ പുറംകരാര്‍ ഏറ്റെടുത്ത വി.എഫ്.എസ് ഗ്ലോബലിന്റെ പ്രവര്‍ത്തനത്തിനു പകരം അലങ്കിത് അസൈന്‍മെന്റ്‌സ് ഈ ജോലികള്‍ ഏറ്റെടുക്കും. ജൂൺ മുപ്പത് വരെയാണ് വി.എഫ്.എസ് സേവനങ്ങൾ ഉണ്ടാകുക. ഇതിന് ശേഷം പുതിയ ഏജൻസിക്ക് കൈമാറും.

2014 മുതലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്ിലുള്ള വി.എഫ്.എസ് (വിസ ഫെസിലിറ്റേഷന്‍ സര്‍വീസ്) സൗദിയില്‍ പ്രവര്‍ത്തനം തുടരുന്നത്. ജിദ്ദ ഹായില്‍ സ്ട്രീറ്റില്‍ വി.എഫ്.എസിന്റേയും മുഹമ്മദിയയില്‍ വി.എഫ്.എസ് ഗ്ലോബലിന്റേയും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വി.എഫ്.എസ് ഗ്ലോബലില്‍ ( യു.എസ്, യു.കെ, ചൈന തുടങ്ങിയ രാജ്യങ്ങളൊഴികെ) വിവിധ രാജ്യങ്ങളിലേക്കുളള വിസാ സേവനം തുടരുന്നുണ്ട്. ഫ്രഞ്ച് വിസകളുടെ സേവനമാണ് ഇവിടെ കൂടുതലായും നടക്കുന്നത്. ശരാശരി അഞ്ഞൂറോളം ഫ്രഞ്ച് വിസകള്‍ ദിനംപ്രതി വി.എഫ്.എസ് ഗ്ലോബല്‍ മുഖേന വിതരണം ചെയ്യുന്നുണ്ട്. ഹായില്‍ സ്ട്രീറ്റിലെ വി.എഫ്.എസിലാകട്ടെ, ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ ശരാശരി ഇരുന്നൂറോളം വീതം ഓരോ ദിവസവും നിര്‍വഹിക്കപ്പെടുന്നുണ്ട്.

പുതിയ കരാര്‍ ലഭിക്കാനായി നാലു ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സികളാണ് ലേലത്തില്‍ പങ്കെടുത്തത്. ബി.എല്‍.എസ് ഇന്റര്‍നാഷനല്‍, യൂസുഫ് ബിന്‍ അഹമ്മദ് കാനു കമ്പനി, വി.എഫ് വേള്‍ഡ് വൈഡ് ഹോള്‍ഡിംഗ്‌സ്, അലങ്കിത് അസൈന്‍മെന്റ്‌സ് എന്നീ കമ്പനികള്‍. മറ്റു മൂന്ന് സ്ഥാപനങ്ങളേയും അപേക്ഷിച്ച് ഏറ്റവും കുറവ് തുകയ്ക്ക് ടെണ്ടര്‍ ഉറപ്പിച്ച അലങ്കിത് അസൈന്‍മെന്റ്‌സിനെ പുതിയ ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സിയായി എംബസി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *