Advertisement

സൗദി അറേബ്യയുടെ അദ്ഭുതലോകം; രാജ്യത്ത് പുതിയ സ്വകാര്യ ദ്വീപ്

ജിദ്ദ: ആയിരക്കണക്കിന് ദ്വീപുകളുടെ കൂടി രാജ്യമാണ് സൗദി അറേബ്യ. വിശാലമായ നീല സമുദ്രത്തിലെ മുത്തുമണികൾ പോലെ നിരവധി ദ്വീപുകൾ ഒളിപ്പിച്ച മരുഭൂമിയുടെ അദ്ഭുതലോകം. പുതിയ പര്യവേഷണങ്ങളിലൂടെ ഈ ദ്വീപുകൾ ഓരോന്നായി കണ്ടെത്തുകയും അവിടെ മനുഷ്യവാസം സാധ്യമാക്കുകയും ചെയ്യുകയാണ് അധികൃതർ.

ഇതിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സൗദി അറേബ്യയിലെ ആദ്യത്തെ സ്വകാര്യ റസിഡൻഷ്യൽ ദ്വീപായ ലാഹിഖ്. റെഡ് സീ ഡെവലപ്മെന്റ് കമ്പനിയുടെ കീഴിൽ, അത്യാധുനിക ആഡംബര സൗകര്യങ്ങളോടെയുള്ള ദ്വീപ് കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. പവിഴപ്പുറ്റുകൾക്കും നീലനിറത്തിലുള്ള വെള്ളത്തിനും ഇടയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

സീലൈൻ വില്ലകൾ, ഫോർ സീസൺസ് റസിഡൻസസ്, വിറ്റ്‌സ് കാൾട്ടൺ റിസർവ് റസിഡൻസസ്, മിറാവൽ റസിഡൻസസ് എന്നിവയുൾപ്പെടെ അതിശയകരമായ താമസ സൗകര്യങ്ങൾ ലാഹിഖ് ദ്വീപ് പദ്ധതിയിൽ ഉണ്ടാകുമെന്ന് റെഡ് സീ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. ചെങ്കടലിലും അറേബ്യൻ ഉൾക്കടലിലുമായി 1,285 ദ്വീപുകളാണ് സൗദിയിലുള്ളത് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 89 ശതമാനം ചെങ്കടലിലും അഖബ ഉൾക്കടലിലും 11 ശതമാനം അറേബ്യൻ ഉൾക്കടലിലുമാണ്.

സൗദിയുടെ ജലാതിർത്തിയിൽ ചെങ്കടലിലും അഖബ ഉൾക്കടലിലുമായി 1,150 ദ്വീപുകളും അറേബ്യൻ ഉൾക്കടലിൽ 135 ദ്വീപുകളുമുണ്ട്. പവിഴപ്പുറ്റ് ദ്വീപുകളും മണൽ ദ്വീപുകളും അഗ്നിപർവത ദ്വീപുകളും സൗദിയുടെ പ്രത്യേകതയാണ്. ചില ദ്വീപുകളുടെ തീരങ്ങളിൽ മൃദുലമായ മണൽത്തരികൾ പരന്നുകിടക്കുമ്പോൾ മറ്റു ചില ദ്വീപുകൾക്ക് തീരമില്ലാത്ത കുന്നിൻ പ്രദേശങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *